night news hd 24

മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്ന് മുന്‍മന്ത്രി ജി.സുധാകരന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യര്‍ ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസ് നടപടികള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച് കെ പി സി സി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും നാളെ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്തെത്തി. ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ എത്തയത്. നാളെ മണ്ഡല പൂജ. മണ്ഡലപൂജയ്ക്കുശേഷം നാളെ വൈകിട്ട് 11 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30- ന് വൈകിട്ട് വീണ്ടും നട തുറക്കും.

തൃശൂര്‍ എരവിമംഗലത്ത് വീട് അടിച്ച് തകര്‍ത്ത് കഞ്ചാവ് സംഘം. ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്ന വീട്ടിലെത്തിയ സംഘം വീട്ടിലെ കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചും ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചും ടറസിന് മീതെയുള്ള സോളര്‍ പാനല്‍ അടിച്ചു തകര്‍ത്തും ചെടി ചെട്ടികളും, വീടിന്റെ ശുചി മുറിയിലെ ടൈലുകളും നശിപ്പിച്ചുമാണ് വിളയാടിയത്. ലഹരിസംഘം താവളമാക്കിയ പാടം കാണത്തക്ക വിധം വീട്ടില്‍ സിസിടിവി കാമറ വെച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു.

പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തതിന് തൃശൂര്‍ പുലക്കാട്ടുക്കരയില്‍ 15 അംഗ ലഹരി സംഘത്തിന്റെ ആക്രമണം. പുലക്കാട്ടുക്കര സ്വദേശി വിനുവിനെയാണ് വീട്ടില്‍ നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. വിനുവിനെ റോഡിലിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പുതുക്കാട് പോലിസ് കേസെടുത്തു.

സ്ഥാനക്കയറ്റത്തിന് വേണ്ടി മാര്‍ക്ക് ലിസ്റ്റ് തിരുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ സീനിയര്‍ ഇന്‍സ്ട്രക്ടറായ രമാദേവി, ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്നത് മറ്റൊരാളുടെ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ചാണെന്നാണ് ആരോപണം.

ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തൃശൂര്‍ മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജില്‍ക്യഷ്ണയാണ് (16) മരണമടഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.

ആര്‍ബിഐ അടക്കം മുംബൈയിലെ 11 സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഭീഷണി. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുന്നുവെന്നും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനാലാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരുകള്‍ നിഷ്പക്ഷമായിരിക്കണം എന്ന ഭരണഘടനാ തത്വമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്ന് യെച്ചൂരി വിമര്‍ശിച്ചു.

യൂട്യൂബ് ചാനലിന് 2 കോടി സബ്സ്‌ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവ് എന്ന ഖ്യാതിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 64 ലക്ഷം പേര്‍ പിന്തുടരുന്ന മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആണ് രണ്ടാമതുള്ളത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വിവോ ഇന്ത്യയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മാസം നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. അധികൃതരുടെ നടപടിയില്‍ വളരെയധികം ആശങ്കയുണ്ടെന്ന് വിവോ പ്രതികരിച്ചു.

ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം വിഗ്നേഷ് ഫോഗട്ട് അറിയിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മഴയെ തുടര്‍ന്ന് നേരത്തെ മത്സരം അവസാനിപ്പിച്ച ഒന്നാംദിനം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടിന് 208 എന്ന നിലയിലാണ്. 70 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *