◾ഉത്തര്‍പ്രദേശില്‍ മുന്‍ എംപിയും കൊലക്കേസ് പ്രതിയും അധോലോക നേതാവുമായ ആതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയ ഗുണ്ടാസംഘാംഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയാണ് എത്തിയതെന്നു പോലീസ്. ആതിഖിനേയും സഹോദരന് അഷ്റഫിനേയും വെടിവച്ചു കൊന്നശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിച്ചു. വെടിവച്ചുകൊന്നതിന് ബജ്റംഗ്ദള്‍ നേതാവ് ലവ്ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മൂവരും പ്രയാഗ് രാജിന് പുറത്തുള്ളവരാണ്.
◾ഇന്നലെ രാത്രി പത്തിനു വന്‍ പൊലീസ് സുരക്ഷയോടെ മെഡിക്കല്‍ പരിശോധനയ്ക്കു പോകാനിറങ്ങുമ്പോഴാണ് ആതിഖ് അഹമ്മദിനും പോലീസിനും മുന്നില്‍ ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. പോലീസ് വെടിവച്ചുകൊന്ന പത്തൊമ്പതുകാരനായ മകന് ആസാദ് അഹമ്മദിന്റെ സംസ്കാര ചടങ്ങിനു പോകാന്‍ പോലീസ് സമ്മതിച്ചില്ലെന്നു ആതിഖ് അഹമ്മദ് പറഞ്ഞു. അപ്പോഴേക്കും പ്രതികളിലൊരാള്‍ ആതിഖിന്റെ തലയില്‍ തോക്കു ചേര്‍ത്തുപിടിച്ച് വെടിവച്ചു. കൊല്ലപ്പെട്ട ആതിഖിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കള്‍ ചൈല്‍ഡ് കെയര്‍ ഹോമിലാണ്. ആതിഖിന്റെ മറ്റു രണ്ടു മക്കള്‍ ജയിലിലാണ്.
◾മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ച കാമറകള്‍ വ്യാഴാഴ്ച പ്രവര്‍ത്തനസജ്ജമാകും. ഇനി കാമറക്കണ്ണില്‍, പിഴയ്ക്കു പഞ്ഞമുണ്ടാകില്ല ( https://dailynewslive.in/traffic-camaras-wiill-be-switched-on-by-thursday/ )
◾ഹരിപ്പാട്ടെ കസ്റ്റഡി മര്‍ദനക്കേസില്‍ ഡിവൈഎസ്പി അടക്കം ഏഴു പൊലീസുകാര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ബാങ്ക് ഉദ്യോഗസ്ഥന് അരുണിനെതിരേ കള്ളക്കേസെടുത്ത് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ മനുഷ്യാവകാശ കമീഷന് ഉത്തരവിട്ടിരുന്നു. 2017 ലെ യുഡിഎഫ് ഹര്‍ത്താല്‍ ദിവസം ബസിനു കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് അരുണിനെ പിടികൂടി മര്‍ദിച്ചത്.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്സ്ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾അപ്പവുമായി കുടുംബശ്രീക്കാര് കെ റെയിലില്‍തന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. വന്ദേഭാരത് ട്രെയിന്‍ വരുന്നതുകൊണ്ട് കെ റെയില്‍ ഇല്ലാതാകില്ല. കെറെയില്‍ പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കും. കേരളത്തിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതിയാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
◾സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് വിമുക്തഭടനായ മലയാളി കൊല്ലപ്പെട്ടു. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്.
◾കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞതുപോലെ അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. താന്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിച്ചു. അതുകൊണ്ടാണ് നാലു മാസമായി വിളിക്കാതിരുന്ന രാഷ്ട്രീയ കാര്യ സമിതി 20 നു വിളിക്കാന്‍ തീരുമാനിച്ചതെന്നും കെപിസിസി പ്രസിഡന്റ് തലശേരി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും കെ.സി ജോസഫ് പറഞ്ഞു.
◾ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന് ഒടുവില്‍ മലയാറ്റൂര്‍ മലകയറി. മലയാറ്റൂര്‍ തിരുനാള്‍ ദിവസമായ ഇന്നു രാവിലെയാണ് രാധാകൃഷ്ണനും സംഘവും മലകയറിയത്. ദുഃഖവെള്ളിയാഴ്ച മലകയറാന്‍ എത്തിയെങ്കിലും അല്പദൂരം നടന്നപ്പോഴേക്കും മലകയറ്റം അവസാനിപ്പിച്ച് പിന്‍വാങ്ങിയിരുന്നു. ഇതേച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വീണ്ടും മലകയറാന്‍ എത്തിയത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സംസ്ഥാനത്ത് താപനില നാല്പതിനു മുകളിലേക്ക്. ഏഴ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പു നല്കി. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്.
◾തൃശൂര്‍ തളിക്കുളം കൊപ്രക്കളത്ത് കെ.എസ്.ആര്.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന് (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന് ഷാജു (49) ഭാര്യ ശ്രീജ (44), മകള്‍ 11 വയസുള്ള അഭിരാമി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
◾അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം മാറ്റും. ആള്‍ക്കൂട്ടം ഫോട്ടോയെടുത്തും ആര്‍പ്പുവിളിച്ചും കുങ്കിയാനകളെ പ്രകോപിതരാക്കുന്നുവെന്നും പ്രദേശത്തു ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.
◾രണ്ടു വര്‍ഷം മുമ്പ് ഭിന്നശേഷിക്കാരനെ പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം കുന്നത്തുകാല്‍ അരുവിയോട് സ്വദേശി വര്‍ഗ്ഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യനാണ് ജീവനൊടുക്കിയത്.
◾മദ്യലഹരിയില്‍ യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. നെടുമങ്ങാട് പഴകുറ്റിയിലാണു സംഭവം. വൈലൂര്‍ സ്വദേശി മംഗലാപുരം ഷംനാദ്, പഴകുറ്റി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അഖില്‍ കൃഷ്ണനെയാണ് കാറിടിച്ചു വീഴ്ത്തിയത്.
◾കോവളം മുക്കോല പാതയില്‍ പോറോട് പാലത്തിനു സമീപം ബൈക്കിടിച്ച് നാലു വയസുകാരന് മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക്കിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് റേസിംഗിനിടെയായിരുന്നു അപകടം. ബൈക്ക് കഴിഞ്ഞ ദിവസം കോവളം പൊലീസ് കരമനയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നു കസ്റ്റഡിയിലെടുത്തിരുന്നു.
◾വര്‍ക്കലയില്‍ ബിവറേജസ് മദ്യശാല കുത്തിത്തുറന്നു മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതി പിടിയില്‍. വെട്ടൂര്‍ കുഴിവിള വീട്ടില്‍ പൂട എന്ന ഷംനാദാണ് (35) പിടിയിലായത്. രണ്ടു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾തൃശൂരില്‍ ഇന്നു വീരസ്മൃതി. പ്രമുഖ അഭിഭാഷകനായിരുന്ന കെ.ബി. വീരചന്ദ്രമേനോന്‍ അനുസ്മരണം വൈകുന്നേരം അഞ്ചിന് സാഹിത്യ അക്കാദമി ഹാളില്‍ ഹൈക്കോടതി ജഡ്ജി ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
◾എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകത്തിലെ കോലാറിലെത്തും. 2019 ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലുള്ള കേസിലാണ് രാഹുല്‍ രണ്ടു വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടതും അയോഗ്യനാക്കപ്പെട്ടതും.
◾കര്‍ണാടകയില്‍ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടു. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ അര്‍ധരാത്രിയാണു രാജി പ്രഖ്യാപിച്ചത്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടികളില്‍ ചേരുമോയെന്നു വ്യക്തമാക്കിയിട്ടില്ല.
◾ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മൊഴി നല്കാന് സിബിഐ ആസ്ഥാനത്ത്. പോകുന്നതിനു മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ കേജരിവാളിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. സിബിഐ വേട്ടയ്ക്കെതിരേ പ്രതിഷേധവുമായി നാളെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്.
◾രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ പത്തൊമ്പതുകാരി നന്ദിനി ഗുപ്തയ്ക്കു മിസ് ഇന്ത്യ കിരീടം. ഡല്‍ഹിയില്‍ കഴിഞ്ഞ രാത്രി നടന്ന ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 സൗന്ദര്യ മത്സരത്തിലാണു നന്ദിനി ജേതാവായത്. ഡല്‍ഹിയില്‍ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗനോജം സ്ട്രേല ലുവാംഗ് സെക്കന്‍ഡ് റണ്ണറപ്പും ആയി. യുഎഇയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ നന്ദിനി ഗുപ്ത ഇന്ത്യയെ പ്രതിനിധീകരിക്കും.
◾ആതിഖ് അഹമ്മദിന്റേയും സഹോദരന്റേയും കൊലപാതകത്തോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവ്യവസ്ഥയേയും ജുഡീഷ്യല്‍ നടപടികളേയും അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കൊലയാളികള്‍ക്കു സംരക്ഷണം നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.
◾ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കാന്‍ ബിജെപി നടത്തുന്ന നീക്കം പരിഹാസ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ക്രൈസ്തവരെ വര്‍ഷങ്ങളായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ബിജെപി ചങ്ങാത്തമെന്ന വ്യാജേനെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ എത്തുന്നതു വിരോധാഭാസമാണെന്ന് യെച്ചൂരി പറഞ്ഞു.
◾രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റിനു മുഖ്യമന്ത്രിസ്ഥാനം കിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ഖജനാവു നിറയ്ക്കുന്ന അശോക് ഗെലോട്ടിനെ മാത്രമേ മുന്നില്‍ നിര്‍ത്തൂവെന്നും കേന്ദ്ര മന്ത്രി അമിത് ഷാ. സച്ചിന് പൈലറ്റ് താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരനാണെന്ന് അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.
◾തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല. കൃഷ്ണഗിരിയില്‍ ഗൃഹനാഥന് ദണ്ഡപാണി ഭാര്യയെയും മകനെയും കൊലപ്പെടുത്തി. 25 വയസുള്ള സുഭാഷ് , അമ്മ കണ്ണമ്മാള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന് സുഭാഷ് അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകം. ദണ്ഡപാണിയെ അറസ്റ്റു ചെയ്തു.
◾ഐപി എല്ലില്‍ ഇന്ന് രണ്ട് കളികള്‍. 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. 7.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയല്‍സുമായും ഏറ്റുമുട്ടും.
◾മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിന് ഇന്ത്യയില്‍ പ്രിയമേറുന്നു. 14,276 കോടി രൂപയാണ് എസ്.ഐ.പികളിലൂടെ മാര്‍ച്ചില്‍ മ്യൂച്വല്‍ഫണ്ടുകളിലേക്ക് എത്തിയതെന്ന് അസോസിയേഷന് ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (ആംഫി) റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത് എക്കാലത്തെയും ഉയരമാണ്. ഫെബ്രുവരിയില്‍ ലഭിച്ചത് 13,686 കോടി രൂപയായിരുന്നു. ആകെ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം ഫെബ്രുവരിയിലെ 6.28 കോടിയില്‍ നിന്നുയര്‍ന്ന് മാര്‍ച്ചില്‍ 6.35 കോടിയിലുമെത്തി. 21 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് മാര്‍ച്ചില്‍ തുറന്നത്. ഫെബ്രുവരിയിലെ പുതിയ അക്കൗണ്ടുകള്‍ 20.65 ലക്ഷമായിരുന്നു. എസ്.ഐ.പികളിലെ മൊത്തം ആസ്തി 6.74 ലക്ഷം കോടി രൂപയില്‍ നിന്ന് 6.83 ലക്ഷം കോടി രൂപയായും വര്‍ദ്ധിച്ചു. മാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം എന്നിങ്ങനെ തവണകളായി എസ്.ഐ.പി വഴി മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാം. 500 രൂപ മുതല്‍ നിക്ഷേപിക്കാമെന്ന് ആംഫി വ്യക്തമാക്കുന്നു. പുതുതായി 40 ലക്ഷം നിക്ഷേപകരെത്തിയതാണ് കഴിഞ്ഞവര്‍ഷം നേട്ടമായത്. ആകെ നിക്ഷേപകരുടെ എണ്ണം 3.37 കോടിയില്‍ നിന്ന് 3.77 കോടിയിലുമെത്തി. മ്യൂച്വല്‍ഫണ്ടുകളിലെ ഇക്വിറ്റി സ്കീമുകളില്‍ മാര്‍ച്ചില്‍ എത്തിയ നിക്ഷേപം 20,534 കോടി രൂപയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണിത്. ഫെബ്രുവരിയില്‍ ലഭിച്ചത് 15,686 കോടി രൂപയായിരുന്നു.
◾യൂസര്‍മാര്‍ക്കായി മൂന്ന് മികച്ച സുരക്ഷാ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷന്’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍’ എന്നിവയാണ് പുതിയ സെക്യൂരിറ്റി ഫീച്ചറുകള്‍. അക്കൗണ്ട് പ്രൊട്ടക്റ്റ് – വാട്ട്സ്ആപ്പ് അക്കൗണ്ട് പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് മാറ്റുമ്പോള്‍ അത് ചെയ്യുന്നത് ഉടമയായ നിങ്ങള്‍ തന്നെയാണോ എന്ന് പരിശോധിച്ചുറപ്പിക്കാനായി വാട്സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചറാണിത്. ഇനി നിങ്ങളുടെ അക്കൗണ്ട് പുതിയ ഡിവൈസിലേക്ക് മാറ്റുമ്പോള്‍ പഴയ ഫോണില്‍ ഒരു സന്ദേശം ലഭിക്കും. അവിടെ സമ്മതം കൊടുത്താല്‍ മാത്രമേ പുതിയ ഫോണിലേക്ക് സന്ദേശങ്ങളും ഫയലുകളും നീക്കാന്‍ സാധിക്കുകയുള്ളൂ. ഡിവൈസ് വെരിഫിക്കേഷന് – മൊബൈലുകളെ ബാധിക്കുന്ന മാല്‍വെയറുകള്‍ ഇന്ന് ആളുകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ്. കാരണം അതിന് നിങ്ങളുടെ അനുമതിയില്ലാതെ ഫോണില്‍ പ്രവേശിക്കാനും അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കാനായി നിങ്ങളുടെ വാട്സ്ആപ്പ് ഉപയോഗിക്കാനും സാധിക്കും. അത് തടയുന്നതിനായാണ് വാട്സ്ആപ്പ് ഡിവൈസ് വെരിഫിക്കേഷന് എന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍ – വാട്സ്ആപ്പിലെ സെക്യൂരിറ്റി കോഡ് വെരിഫിക്കേഷന് ഫീച്ചര്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളുമായി തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ അത് സഹായിക്കുന്നു. ഇനിമുതല്‍ ദൈര്‍ഘ്യമേറിയ കോഡിന്റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായ കണക്ഷനാണോ എന്ന് പരിശോധിക്കുന്നതിനായി വാട്ട്സ്ആപ്പ് ഇപ്പോള്‍ പുതിയ ക്രിപ്റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചര്‍ അവതരിപ്പിക്കുന്നുണ്ട്. കോണ്ടാക്റ്റുകളുടെ സുരക്ഷാ കോഡുകള്‍ സ്വയമേവ പരിശോധിച്ച് അവ പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഫീച്ചര്‍. കോണ്ടാക്ട് ഇന്‍ഫോയിലെ എന്‍ക്രിപ്ഷന്‍ എന്ന ഓപ്ഷന് തെരഞ്ഞെടുത്ത് അത് പരിശോധിക്കാം.
◾എആര്‍ റഹ്മാന് പാടി അഭിനയിച്ച ‘പിഎസ് 2’ ആന്തം സോംഗ് പുറത്തിറങ്ങി. ചിത്രത്തിന്റെ തീമിം ആസ്പദമാക്കിയ സെറ്റില്‍ ചിത്രത്തിന്റെ സംഗീത സംവിധായകനായ എആര്‍ റഹ്മാന് പാടി അഭിനയിക്കുന്ന രംഗങ്ങളാണ് ഈ മ്യൂസിക്ക് വീഡിയോയില്‍ ഉള്ളത്. ശിവ ആനന്ദ് ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. ഷാദ് അലിയാണ് ഈ വീഡിയോ സംവിധാനം. അതേ സമയം പൊന്നിയിന്‍ സെല്വന് 2 4ഡിഎക്സിലും റിലീസ് ചെയ്യും എന്നതാണ് മറ്റൊരു അപ്ഡേറ്റ്. 3ഡിയേക്കാള്‍ മുകളില്‍ തിയറ്റര്‍ അനുഭവത്തിന്റെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. ചലിക്കുന്ന സീറ്റുകളും സ്ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് കാറ്റ്, മഞ്ഞ്, സുഗന്ധം തുടങ്ങിയവയുടെയൊക്കെ നേരനുഭവങ്ങളും കാണിക്ക് പ്രദാനം ചെയ്യുന്നവയാണ് 4ഡിഎക്സ് തിയറ്ററുകള്‍. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്വന് 2 ന് ഉണ്ട്. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകള്‍ ഉണ്ട്. പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്, ലാല്‍, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണി രത്നത്തിന്റെ ഫ്രെയ്മില്. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഏപ്രില്‍ 28 ന് റിലീസ് ചെയ്യും.
◾ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ അഖില്‍ സത്യന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഞാന്‍ പ്രകാശന്’, ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്ററിയും അഖില്‍ സത്യന് സംവിധാനം ചെയ്തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം.
◾സ്കോഡ ഓട്ടോ പുതിയ ലാവ ബ്ലൂ കളര്‍ ഓപ്ഷനില്‍ കുഷാക്ക് മിഡ്സൈസ് എസ്യുവി അവതരിപ്പിച്ചു. എസ്യുവി മോഡല്‍ ലൈനപ്പിന് സാധാരണ മോഡലിനെ അപേക്ഷിച്ച് കുറച്ച് ബാഹ്യ, ഇന്റീരിയര്‍ മെച്ചപ്പെടുത്തലുകളുള്ള ഒരു പ്രത്യേക പതിപ്പും ലഭിക്കുന്നു. 150 ബിഎച്ച്പിക്കും 250 എന്‍എമ്മിനും പര്യാപ്തമായ 1.5 എല്‍, 4 സിലിണ്ടര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് സ്കോഡ കുഷാഖ് ലാവ ബ്ലൂ എഡിഷന് ലഭ്യമാക്കുന്നത്. വാങ്ങുന്നവര്‍ക്ക് 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഉടഏ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ ഉണ്ട്. എസ്യുവിയുടെ ലാവ ബ്ലൂ എഡിഷന് മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് യഥാക്രമം 17.99 ലക്ഷം രൂപയും 19.19 ലക്ഷം രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. സ്റ്റൈല്‍, മോണ്ടെ കാര്‍ലോ വേരിയന്റുകളുടെ ഇടയിലാണ് പ്രത്യേക പതിപ്പ്. കുഷാക്ക് എസ്യുവി മോഡല്‍ ലൈനപ്പ് 7 കളര്‍ സ്കീമുകളിലും ലഭ്യമാണ് (5 മോണോടോണും 2 ഡ്യുവല്‍ ടോണും) – ടൊര്‍ണാഡോ റെഡ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, ഹണി ഓറഞ്ച്, കാര്‍ബണ്‍ സ്റ്റീല്‍ വിത്ത് സില്‍വര്‍ റൂഫ്, ഹണി ഓറഞ്ച് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് നിറങ്ങള്‍.
◾നെയ്യാര്‍തീരത്തെ ഒരു ഗ്രാമത്തില്‍ ഭീതിവിതയ്ക്കുന്ന അക്രമകാരികളായ മുതലകളെക്കുറിച്ചു പഠിക്കാന്‍ ഓസ്ട്രേലിയയില്‍നിന്നെത്തുന്ന രഘുവരന് എന്ന ജന്തുശാസ്ത്രജ്ഞനിലൂടെ നന്മതിന്മകളെ വേറിട്ടരീതിയില്‍ വ്യാഖ്യാനിക്കുന്ന രചന. എപ്പോഴും ദൂരൂഹതയുടെ ഇരുട്ടിലിരുന്ന് ചുറ്റുപാടുമുള്ള കാര്യങ്ങള്‍ ഒരു വെളിപാടുപോലെ കൃത്യമായി അറിയുന്ന അന്ധയായ അമ്മച്ചിയമ്മ, ഏതോ അദൃശ്യനിയമാവലിയനുസരിച്ച് ഒരു നിയോഗംപോലെ പലരും വന്നു താമസിച്ചുപോകുന്ന നിലംപൊത്താറായ തീര്‍ത്ഥന്‍കരതറവാട്, വഴുക്കുന്ന കല്‍പ്പടവുകള്‍ ഇറങ്ങിച്ചെല്ലുന്ന നിലവറയ്ക്കുള്ളിലെ നിധികാക്കാന്‍ ചുറ്റിലും ഇഴഞ്ഞുനീങ്ങുന്ന എണ്ണമറ്റ മുതലകള്‍… ഭീതിയുടെ സ്പര്‍ശമുള്ള ഭ്രമാത്മകലോകവും ജന്മരഹസ്യത്തിന്റെ പൊരുള്‍ തേടുന്ന നായകനിലൂടെ അന്വേഷണാത്മതകയുടെ ഉദ്വേഗവും ഒരുമിക്കുന്ന അപൂര്‍വ്വനോവല്‍. ഒപ്പം കല്ലന്തറയില് പോത്തച്ചന് എന്ന ചീങ്കണ്ണിവേട്ടക്കാരന്റെ ത്രസിപ്പിക്കുന്ന ആത്മകഥയും. ‘മുതലലായിനി’. ജി.ആര് ഇന്ദുഗോപന്. മാതൃഭൂമി. വില 331 രൂപ.
◾ചൂട് കൂടുന്നതിന് അനുസരിച്ച് ഇതിനോടനുബന്ധമായ ആരോഗ്യപരമായ വെല്ലുവിളികളും കൂടിവരും. ചില ഭക്ഷണങ്ങള്‍ ചൂട് കൂടിയ കാലാവസ്ഥയില്‍ പതിവായി കഴിക്കുന്നത് മൂലം സൂര്യാഘാതമേല്‍ക്കുന്നതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ശരീരത്തിന് ഒരളവ് വരെ സാധിക്കും. തീര്‍ച്ചയായും വേനലാകുമ്പോള്‍ ഏവരും ഡയറ്റിലുള്‍പ്പെടുത്തുന്ന ഒന്നാണ് കക്കിരി. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാരണം കക്കിരിയില്‍ 96 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ചൂട് കൂടുമ്പോള്‍ ശരീരത്തിലെ ജലാംശം മുഴുവന്‍ ഇല്ലാതായിപ്പോകുന്നതാണ് നമുക്ക് പ്രതിസന്ധിയാകുന്നത്. എന്നാല്‍ കക്കിരി പോലുള്ള ഭക്ഷണങ്ങള്‍ ഈ പ്രതിസന്ധിയില്ലാതാക്കാന്‍ സഹായിക്കുന്നു. വേനലാകുമ്പോള്‍ ഡിമാന്‍ഡ് കൂടുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് തണ്ണിമത്തന്. ഇതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനാണ് ഏറെയും സഹായകമാകുന്നത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘ഇലക്ട്രോലൈറ്റ്സ്’ഉം ആന്റി-ഓക്സിഡന്റ്സുമാണെങ്കില്‍ ശരീരത്തിന് ഏറെ നല്ലതാണ്. അതുപോലെ തന്നെ തണ്ണിമത്തനിലുള്ള പൊട്ടാസ്യം, അമിനോ ആസിഡ്സ് എന്നിവയെല്ലാം പേശികള്‍ക്ക് വളരെ നല്ലതാണ്. വേനലാകുമ്പോള്‍ പരമ്പരാഗതമായി തന്നെ നമ്മുടെ നാട്ടില്‍ വ്യാപകമാകുന്നൊരു പാനീയമാണ് സംഭാരം അല്ലെങ്കില്‍ മോര്. വേനലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ നല്ലരീതിയില്‍ സഹായിക്കുന്നൊരു വിഭവമാണിതെന്ന് നിസംശയം പറയാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു.