ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ലെ ഒരു വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തെത്തി. ‘ഉടല്‍ കൊണ്ട സ്വരമേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം നാരായണന്‍ ടി കെ, ഹരിത ഹരിബാബു എന്നിവര്‍ ചേര്‍ന്നാണ്. ഭൂമിയുടേതാണ് സംഗീത സംവിധാനം. സിതാര കൃഷ്ണകുമാറും ഭൂമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്‌നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ റിലീസ്. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അണ്ണാത്തെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ജയിലര്‍’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. കണ്ണുകളില്‍ ഗൗരവം നിറച്ച് നടന്നടുക്കുന്ന ലുക്കിലായിരുന്നു രജനീകാന്ത് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ജയിലറില്‍ മലയാള താരം വിനായകന്‍ അഭിനയിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. വില്ലന്‍ കഥാപാത്രത്തെ ആകും വിനായകന്‍ കൈര്യം ചെയ്യുകയെന്നാണ് വിവിരം. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍.
പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിര നിക്ഷേപകര്‍ക്കായി ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ പിഎന്‍ബി വണ്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് പലിശയിളവും പ്രഖ്യാപിച്ചു. കാല്‍ ശതമാനത്തിന്റെ പലിശയിളവാണ് അനുവദിച്ചത്. ബാങ്കിന്റെ ശാഖയില്‍ പോകാതെ തന്നെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം. പിഎന്‍ബി വണില്‍ കയറി ഏതാനും ക്ലിക്കുകളും ഒറ്റ ഒടിപി നല്‍കലും നിര്‍വഹിച്ചാല്‍ ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു. ഇതിന് പുറമേ പുതിയ ഫീച്ചറുകളുമായി പ്രീ ക്വാളിഫൈഡ് ക്രെഡിറ്റ് കാര്‍ഡും ബാങ്ക് അവതരിപ്പിച്ചു. ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഐഡിബിഐ ബാങ്ക് 6.7% പലിശ നല്‍കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി അമൃത് മഹോത്സവ് അവതരിപ്പിച്ചു. 500 ദിവസ കാലയളവിലേക്കുള്ള ഈ പദ്ധതിയില്‍ സെപ്റ്റംബര്‍ 30 വരെ നിക്ഷേപം നടത്താം. ഇതിനു പുറമേ വിവിധ കാലാവധി നിക്ഷേപങ്ങളുടെ പലിശയും ബാങ്ക് പുതുക്കി നിശ്ചയിച്ചു. വിവിധ കാലയളവുകളിലേക്കുള്ള പലിശ നിരക്ക് 6.55% വരെയാണ്. പുതിയ പലിശനിരക്ക് ഇന്നലെ പ്രാബല്യത്തിലായി.
ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി കാറുകളുടെ വില വര്‍ധിപ്പിച്ചു. സെപ്റ്റംബര്‍ മുതല്‍ എല്ലാ മോഡല്‍ കാറുകള്‍ക്കും 2.4 ശതമാനം വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ മോഡലിനും ഏകദേശം 84,000 രൂപയിലധികം അധികം വില നല്‍കേണ്ടി വരും. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് ഇന്ത്യയില്‍ എല്ലാ മോഡല്‍ കാറുകളുടെയും വില ഉയര്‍ത്താന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. ഓഡി എഫോര്‍, ഓഡി എസിക്സ്, ഓഡി ക്യൂസെവന്‍ തുടങ്ങി നിരവധി മോഡലുകളാണ് ഇന്ത്യയില്‍ കമ്പനി വിറ്റഴിക്കുന്നത്. കമ്പനി ഇലക്ട്രിക് കാറുകളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്. അടുത്തിടെയാണ് ക്യൂത്രീ മോഡല്‍ കമ്പനി പുറത്തിറക്കിയത്. ഇതിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നി രണ്ട് കാറ്റഗറിയിലാണ് മോഡല്‍ അവതരിപ്പിച്ചത്.
ജൂള്‍സ് വെര്‍നയുടെ ലോകപ്രശസ്ത ക്ലാസിക് നോവലാണ് ‘ലോകം ചുറ്റിയ എണ്‍പത് ദിവസം’. എണ്‍പത് ദിവസങ്ങള്‍ കൊണ്ട് ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് തിരികെ എത്തുക എന്ന പന്തയത്തില്‍ വിജയിക്കുവാന്‍ തന്റെ സഹായിയോടൊപ്പം പുറപ്പെടുന്ന ഫിലിയസ് ഫോഗ് എന്നയാളുടെ കഥയാണിത്. സാഹസികതയുടെ ആത്മാവിനെ തൊട്ടറിയുന്ന ഉജ്ജ്വല കഥ. പരിഭാഷ – സ്മിത ടി.കെ. രണ്ടാം പതിപ്പ്. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 294 രൂപ.
വിറ്റാമിന്‍ ബി12 ന്റെ കുറവ് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ സ്ഥിരമായ നാഡി തകരാറിന് കാരണമാകും. ഇത് കൈകളിലും കാലുകളിലും മരവിപ്പിന് കാരണമാകും. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഹൃദയാരോഗ്യത്തിനും ചുവന്ന രക്താണുക്കള്‍ക്കും ഡിഎന്‍എ രൂപീകരണത്തിനും ആവശ്യമായ വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ബി 12. രക്തത്തിലെ വിറ്റാമിന്‍ ബി 12 അളവ് കുട്ടികളിലും മുതിര്‍ന്നവരിലും പൊണ്ണത്തടി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു. 19 നും 64 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനും കുറവ് പരിഹരിക്കാനും ഒരു ദിവസം ഒന്നര മൈക്രോഗ്രാം വിറ്റാമിന്‍ ബി 12 ആവശ്യമാണ്. ഓര്‍മ്മക്കുറവ്, കാഴ്ച പ്രശ്‌നങ്ങള്‍, വന്ധ്യത, നാഡീവ്യവസ്ഥയുടെ തകരാറ്, ക്ഷീണം, ശ്വാസതടസ്സം എന്നിവായാണ് വിറ്റാമിന്‍ ബി 12 കുറവിന്റെ ലക്ഷണങ്ങള്‍. വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാക്യുലര്‍ ഡീജനറേഷന്‍ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായവരില്‍ മാക്യുലര്‍ ഡീജനറേഷന്‍ സാധാരണമാണ്. സന്തോഷകരമായ ഹോര്‍മോണുകളില്‍ ഒന്നാണ് സെറോടോണിന്‍. സെറോടോണിന്‍ ഉല്‍പാദനത്തില്‍ വിറ്റാമിന്‍ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത് മികച്ച മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടമാണ് പാലുല്‍പ്പന്നങ്ങള്‍. പാല്‍, തൈര്, ചീസ് മുതലായവ ദിവസവും കഴിക്കാന്‍ ശ്രമിക്കുക.വിറ്റാമിന്‍ ബി 12 ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷണമാണ് മുട്ട.