ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘പൂവേ നിന്‍ മിഴിയിതള്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം നാരായണന്‍ ടി കെ, ഹരിത ഹരിബാബു എന്നിവര്‍ ചേര്‍ന്നാണ്. ഭൂമിയുടേതാണ് സംഗീത സംവിധാനം. സിതാര കൃഷ്ണകുമാറും ഭൂമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്‌നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് ‘വെന്ത് തനിന്തത് കാട്’. ഗൗതം വാസുദേവ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ‘വെന്ത് തനിന്തത് കാടി’ ന് രണ്ടാം ഭാഗമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. രണ്ടാം ഭാഗത്തിന്റെ ജോലികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. ‘മറക്കുമാ നെഞ്ചം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ചിത്രത്തിലേതായി നേരത്തെ പുറത്തുവിട്ടിരുന്നു. ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കോവിഡ് മഹാമാരി വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാല്‍) ശക്തമായ തിരിച്ചു വരവിലേക്ക് . 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 37.68 കോടി രൂപ (നികുതിയ്ക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്. 252.71 കോടി രൂപയായിരുന്നു 2020-21 ലെ മൊത്തവരുമാനം. യാത്രക്കാരുടെ എണ്ണം 24 .7 ലക്ഷത്തില്‍നിന്നും 47.59 ലക്ഷത്തിലേക്ക് ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് 675 കോടി രൂപയുടെ മൊത്തവുമാനമാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്.

നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകര്‍. ഈമാസം ഒന്നുമുതല്‍ 26വരെ തീയതികളിലായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) 49,254 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്. ജൂലായിലെ ആകെ നിക്ഷേപം 5,000 കോടി രൂപയായിരുന്നു. അതിനുമുമ്പ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജൂണ്‍വരെ 2.46 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചശേഷമാണ് എഫ്.പി.ഐ ജൂലായ് മുതല്‍ വീണ്ടും ഓഹരികള്‍ വാങ്ങിത്തുടങ്ങിയത്. അതേസമയം, വരുംമാസങ്ങളില്‍ ഇതേ ട്രെന്‍ഡ് നിലനിറുത്തുക വെല്ലുവിളിയാണെന്ന് കരുതപ്പെടുന്നു. പലിശനിരക്ക് ഇനിയും ഉയര്‍ത്തുമെന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിട്ടുണ്ട്.

ഉത്സവകാല വിപണി ലക്ഷ്യമിട്ട് ഹോണ്ടയുടെ പുതിയ ഷൈന്‍ സെലബ്രേഷന്‍ എഡിഷന്‍ വില്പനയ്‌ക്കെത്തി. നഗര, ഗ്രാമീണ ദൈനംദിന യാത്രയ്ക്ക് ഒരുപോലെ അനുയോജ്യമായ ഷൈനിന്റെ പുതിയ പതിപ്പിന് ഡ്രം, ഡിസ്‌ക് വേരിയന്റുകളുണ്ട്. മാറ്റ് സ്റ്റീല്‍ ബ്‌ളാക്ക് മെറ്റാലിക്, മാറ്റ് സാന്‍ഗ്രിയ റെഡ് മെറ്റാലിക് നിറങ്ങളില്‍ ലഭിക്കും. ന്യൂഡല്‍ഹി എക്സ്ഷോറൂം വില 78,878 രൂപ. ആകര്‍ഷകമായ ഗോള്‍ഡന്‍ തീമാണ് സെലബ്രേഷന്‍ എഡിഷന്റെ സവിശേഷത. ടാങ്കിന് മുകളിലെ സെലബ്രേഷന്‍ എഡിഷന്‍ ലോഗോ ബൈക്കിന് പ്രീമിയംലുക്ക് സമ്മാനിക്കുന്നുണ്ട്. 123.94 സി.സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എന്‍ജിനാണുള്ളത്. 10.5 ബി.എച്ച്.പിയാണ് കരുത്ത്. ഗിയറുകള്‍ അഞ്ച്.

ജഗതി ശ്രീകുമാര്‍. മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭ. ചിരിയും ചിന്തയും കൊണ്ട് അത്ഭുതം തീര്‍ത്ത നടനവിസ്‌ഫോടനത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടയാളപ്പെടുത്തലാണ് ഈ പുസ്തകം. എല്ലാവര്‍ക്കും പറയാന്‍ ഓരോ അനുഭവങ്ങളുണ്ട്. അധികമാരും അറിയാത്ത നന്മയുടെ പാഠങ്ങള്‍. ഓരോന്നും ഓരോ കഥ പോലെ വായിച്ചറിയാം. തിരിച്ചറിയാം, ശ്രീകുമാറെന്ന പച്ചമനുഷ്യനെ. ‘ജഗതി ഒരു അഭിനയ വിസ്മയം’. രമേഷ് പുതിയമഠം. ഗ്രീന്‍ ബുക്‌സ്. വില 218 രൂപ.

ഭക്ഷണക്രമം നിയന്ത്രിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്താല്‍ വൃക്ക രോഗം ആരംഭത്തില്‍ തന്നെ കണ്ടെത്തുകയും ഡയാലിസിസിലേയ്ക്ക് എത്തുന്നതിന് മുമ്പ് തടയാനും സാധിക്കുന്നു. നീര് വരാന്‍ സാദ്ധ്യതയുള്ള രോഗികള്‍ വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തേണ്ടതാണ്. മൂത്രത്തിന്റെ അളവിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിജപ്പെടുത്തണം. മൂത്രം ധാരാളമായി പോവുകയും നീര് ഇല്ലാതെയും ഉള്ള വൃക്ക രോഗികള്‍ക്ക് വെള്ളം ദാഹത്തിനനുസരിച്ചും ആവശ്യാനുസരണവും കുടിക്കാവുന്നതാണ്. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് ചോറിലും കറികളിലും ടേബിള്‍ സാള്‍ട്ട് ചേര്‍ക്കുന്നത് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, പ്രോസസ്ഡ് ഫുഡ് എന്നിവയില്‍ ഉപ്പ് വളരെ കൂടുതല്‍ ആയതിനാല്‍ അവ കഴിവതും ഒഴിവാക്കുക. പേശികളെ വളര്‍ത്തുന്നതിനും രോഗപ്രതിരോധശേഷിക്കും പ്രോട്ടീന്‍ വളരെ പ്രധാനമാണ്. എന്നാല്‍ അത് വൃക്കയുടെ അവസ്ഥ, പോഷകശേഷി എന്നിവയെ കൂടി ആശ്രയിച്ചിരിക്കുന്നു. നല്ല പ്രോട്ടീനുകളായ മുട്ടയുടെ വെള്ള, പയര്‍ വര്‍ഗങ്ങള്‍, ചിക്കന്‍, പാല്‍ എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ മൂത്രം വഴി പൊട്ടാസ്യം പുറന്തള്ളാന്‍ കഴിയാതെ വരും. അങ്ങനെ രക്തത്തില്‍ പൊട്ടാസ്യം കൂടുതല്‍ ഉള്ളവര്‍ തേങ്ങാവെള്ളം, ജ്യൂസ്, ഇലക്കറികള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. വൃക്ക രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രക്തത്തില്‍ ഫോസ്ഫറസ് അധികമാവുകയും എല്ലുകള്‍ക്ക് ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ ഉള്ളപ്പോള്‍ പാല്‍, തൈര് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *