ഡയറക്ടർ ശങ്കർ മോഹനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തെക്കുറിച്ചന്വേഷിക്കുന്ന ഉന്നതാധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്.
മുഖ്യമന്ത്രി നിയോഗിച്ച സമിതിയിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറുൾപ്പെടെയുള്ള രണ്ടംഗ സമിതിയാണ് ഇന്ന് കോട്ടയം കലക്ടറേറ്റിൽ സിറ്റിംഗ് നടത്തുക. രാവിലെ 11ന് വിദ്യാർത്ഥികളുടെയും ഉച്ചയ്ക്കുശേഷം അധ്യാപകരുടെയും അനധ്യാപകരുടെയും പ്രതിനിധികൾ തെളിവെടുപ്പിന് എത്തും.
ഡയറക്ടർ ശങ്കർ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 5നാണ് സമരം തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷനും രണ്ടാഴ്ച മുമ്പ് ക്യാമ്പസിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വിദ്യാർത്ഥി സമരത്തെ തുടർന്ന് ഡിസംബർ 24 മുതൽ ജനുവരി 8 വരെ കോളേജ് അടച്ചിടാൻ കലക്ടർ ഉത്തരവിട്ടിരുന്നു.
