പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ് ഫാറ്റി ലിവര്‍ കരുതപ്പെടുന്നത്. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും ഇപ്പോള്‍ ഫാറ്റി ലിവര്‍ പിടിപെടുന്നത് സര്‍വസാധാരണമാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന ഫാറ്റി ലിവറിന്റെ പേര്. ലളിതമായി പറഞ്ഞാല്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണ് ഫാറ്റി ലിവര്‍. അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ചയാപചയ തകരാറുകള്‍ എന്നിവ മൂലം ഇത് ഉണ്ടാകാം. ഇനി പറയുന്നവയാണ് ഫാറ്റി ലിവറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. നന്നായി വിശ്രമിച്ച ശേഷവും വിട്ടുമാറാതിരിക്കുന്ന കടുത്ത ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജത്തിന്റെ തോതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. കരള്‍ നന്നായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ശരീരത്തിന് പോഷണങ്ങള്‍ സംസ്ക്കരിക്കാനും വിഷവസ്തുക്കള്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും കഴിയാതെ വരും. അമിതവണ്ണം ഇല്ലാത്തവരില്‍ പോലും അടിവയറ്റിലെ കൊഴുപ്പ് അടിയല്‍ ഫാറ്റി ലിവര്‍ ലക്ഷണമായി കരുതാം. കഴുത്തിന്റെ മടക്കിലും കക്ഷങ്ങളിലുമൊക്കെ ചര്‍മ്മം ഇരുണ്ട നിറത്തിലേക്ക് മാറുന്നത് നോണ്‍ ആല്‍ക്കളോഹിക് ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാണ്. ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത് ഫാറ്റി ലിവര്‍ രോഗത്തിന്റെയും ചയാപചയ പ്രശ്നങ്ങളുടെയും അടയാളമാണ്. അകാരണമായി ഭാരം വര്‍ധിക്കുന്നതും എത്ര കഷ്ടപ്പെട്ട് ഡയറ്റും വ്യായാമവുമൊക്കെ ചെയ്തിട്ടും ഭാരം കുറയാതിരിക്കുന്നതും ഫാറ്റി ലിവര്‍ ലക്ഷണമാണ്. ലാബ് പരിശോധനകളില്‍ എഎല്‍ടി, എഎസ്ടി തോതുകള്‍ ഉയര്‍ന്നിരിക്കുന്നതും ഫാറ്റി ലിവര്‍ സൂചനയാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ പരിശോധനകള്‍ നടത്തി ഫാറ്റി ലിവര്‍ സാധ്യത ഉറപ്പിക്കേണ്ടതാണ്. എയറോബിക് വ്യായാമങ്ങളും സ്ട്രെങ്ത് വ്യായാമങ്ങളും ഫാറ്റി ലിവറിനെ കുറയ്ക്കാന്‍ സഹായിക്കും. ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 240 മിനിട്ട് വരെ വേഗത്തിലുള്ള നടത്തം, ഓട്ടം, സൈക്ലിങ്, നീന്തല്‍ പോലുള്ള എയറോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്.