വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയില്‍ ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഇവി6 കൂടി ഉള്‍പ്പെടുത്തി കിയ. രണ്ട് മാസം മുമ്പ് ആരംഭിച്ച ലീസ് പ്രോഗ്രാമില്‍ കിയ അവരുടെ സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് തുടങ്ങിയ മോഡലുകളെ നേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാക്രമം 17,999 രൂപ, 23,999 രൂപ, 24,999 രൂപ എന്നിങ്ങനെയാണ് ഇവയുടെ പ്രതിമാസ വാടക. 24 മാസം മുതല്‍ 60 മാസം വരെയുള്ള വ്യത്യസ്ത ലീസ് പ്രോഗ്രാമുകള്‍ കിയ അവതരിപ്പിച്ചിട്ടുണ്ട്. 60 ലക്ഷം രൂപയിലേറെ വിലയുള്ള പ്രീമിയം ഇലക്ട്രിക് എസ് യു വിയായ ഇവി6 പ്രതിമാസം 1.29 ലക്ഷം രൂപ വാടകക്കാണ് കിയ നല്‍കുന്നത്. ഇന്‍ഷൂറന്‍സ്, അറ്റകുറ്റപണികള്‍, ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ സര്‍വീസുകള്‍, പിക്ക് അപ്പ് ആന്റ് ഡ്രോപ്, 24/7 റോഡ്സൈഡ് അസിസ്റ്റന്‍സ് എന്നിങ്ങനെയുള്ള സൗകര്യവും ലീസ് പ്രോഗ്രാമില്‍ കിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 77.4 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇവി6ല്‍ നല്‍കിയിരിക്കുന്നത്. സിംഗിള്‍ മോട്ടോര്‍ റിയര്‍ ഡ്രൈവ് വകഭേദം 229എച്ച്പി കരുത്തും പരമാവധി 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് വകഭേദമാണെങ്കില്‍ 325 എച്ച്പി കരുത്തും പരമാവധി 605എന്‍എം ടോര്‍ക്കും പുറത്തെടുക്കും. റേഞ്ച് 708 കീമി. 350സണകിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂജ്യത്തില്‍ നിന്നും 80% ചാര്‍ജിലെത്താന്‍ വെറും 18 മിനുറ്റ് മതി. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗതയിലേക്ക് 5.2 സെക്കന്‍ഡില്‍ കുതിക്കും.