ജി.എസ്.ടി ഇനത്തില്‍ കേരളത്തില്‍ നിന്ന് കഴിഞ്ഞ മാസം പിരിച്ചെടുത്തത് 2,896 കോടി രൂപ. 2023 ഒക്ടോബറിലെ 2,418 കോടി രൂപയേക്കാള്‍ 19.76 ശതമാനം അധികം. ഒക്ടോബര്‍ വരെ കേരളത്തിന് ജി.എസ്.ടി വിഹിതമായി കേന്ദ്രം അനുവദിച്ചത് 27,575 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 26,452 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ശതമാനം അധികം. കഴിഞ്ഞ മാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത ജി.എസ്.ടി 1.87 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഒക്ടോബറില്‍ ഇത് 1.72 ലക്ഷം കോടി രൂപയായിരുന്നു. 8.9 ശതമാനമാണ് വര്‍ധന. ഈ വര്‍ഷം ഒക്ടോബര്‍ വരെ ജി.എസ്.ടിയായി കേന്ദ്രം പിരിച്ചെടുത്തത് 12.74 ലക്ഷം കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 11.64 ലക്ഷം കോടി രൂപയായിരുന്നു. 9.4 ശതമാനമാണ് വര്‍ധന. ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 14 ശതമാനം വളര്‍ച്ചയോടെ 31,030 കോടി രൂപയാണ് കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ നിന്ന് പിരിച്ചെടുത്തത്. കര്‍ണാടക (13,081 കോടി രൂപ), ഗുജറാത്ത് (11,407 കോടി രൂപ), തമിഴ്നാട് (11,188 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞ മാസം ലഭിച്ചത് ഒരു കോടി രൂപ മാത്രം. 28 കോടി രൂപ പിരിച്ചെടുത്ത ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപും തൊട്ടടുത്തുണ്ട്.