കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് സംഘടന ആരോപിച്ചു. തട്ടുപൊളിപ്പൻ സിനിമയിലെ നായക വേഷത്തിൻ്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീർത്തും വിരുദ്ധമാണെന്നും യൂണിയൻ അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയിൽ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്നും യൂണിയൻ പറഞ്ഞു.