തിയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ‘മധുര മനോഹര മോഹം’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘കണ്ടു കണ്ടു’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയും മധു ബാലകൃഷ്ണനുമാണ്. രജിഷയുടെയും സൈജു കുറുപ്പിന്റെയും വിന്റേജ് സ്‌റ്റൈലിലുള്ള നൃത്തച്ചുവടുകളും പ്രണയരംഗങ്ങളുമാണ് ഗാനത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചിരിയുടെ പശ്ചാത്തലത്തില്‍ ഒരു മുഴുനീള എന്റര്‍ടൈനറാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.