ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നത്. ഇതിനെക്കുറിച്ച് അറിയാക്കഥകളിലൂടെ കൂടുതൽ അറിയാം….!!!

‘കൽക്കി’ എന്ന വാക്കിനർത്ഥം ‘അനശ്വരത’,’വെളുത്ത കുതിര’ എന്നൊക്കെയാണ്. ‘മാലിന്യത്തെ അകറ്റുന്നവൻ’ എന്നർത്ഥമുള്ള ‘കൽക’ എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു.കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്‌ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു. വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു എന്ന്പറയപ്പെടുന്നു.

 

കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും. മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും. അങ്ങനെ കാലദോഷത്തിന്റെ പാരമ്യത്തിൽ ധർമ്മം പുന:സ്ഥാപിക്കുവാനായി വിഷ്ണു ശംഭലം ഗ്രാമത്തിലെ ഒരു തമിഴ് കുടുംബത്തിൽ കൽക്കിയായി ജനിക്കും എന്നാണ് വിശ്വാസം.

ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മണ്യം, ക്ഷത്രിയ, വൈശ്യ, ശൂദ്ര തുടങ്ങിയ നാല് വർണ്ണങ്ങൾ) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം(കൃതയുഗം) ആരംഭിക്കുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ ലയിക്കും എന്നതാണ് ഐതിഹ്യം. കൽക്കിയുടെ ജനനം എന്ന് നടക്കുമെന്നോ ധർമ്മപുന:സ്ഥാപനം എന്ന് സംഭവിക്കുമെന്നോ പുരാണങ്ങൾ കൃത്യമായി പ്രവചിക്കുന്നില്ല.

ഭാഗവതപുരാണം, വിഷ്ണു പുരാണം, അഗ്നിപുരാണം, പത്മപുരാണം, കൽക്കിപുരാണം, ഭവിഷ്യപുരാണം, ഗരുഡപുരാണം എന്നിവയിലെല്ലാം കൽക്കിയെക്കുറിച്ചു പറയുന്നുണ്ട്. കൽക്കിയെക്കുറിച്ചുള്ള ആദ്യ പരാമർശം വിഷ്ണുപുരാണത്തിലാണ്. അഗ്നിപുരാണത്തിൽ കൽക്കിയെക്കുറിച്ചും കലിയുഗാന്ത്യത്തെക്കുറിച്ചും പറയുന്നുണ്ട്. ഗരുഡപുരാണത്തിൽ കൽക്കി വിഷ്ണുവിൻറെ പത്താമത്തെ അവതാരം തന്നെയെന്നു പറയുന്നുണ്ട്‌. കൽക്കിപുരാണത്തിലാണ് കൂടുതൽ വിശദാംശങ്ങളുള്ളത്.

ഇനി നമുക്ക് കൽക്കി അവതാരത്തെക്കുറിച്ച് ഒന്നു നോക്കാം.കലിയുഗാന്ത്യത്തിൽ മഹാവിഷ്ണു ശംഭലമെന്ന ഗ്രാമത്തിലെ ഒരു ഒരു തമിഴ് കുടുംബത്തിൽ വിഷ്ണുഭക്തനായ വിഷ്ണുയശൻറെയും സുമതിയുടെയും പുത്രനായി കൽക്കിയെന്ന പേരിൽ ജനിക്കും.എന്ന്ഭാഗവത പുരാണത്തിൽ പറയുന്നു.ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി നാളിലാണ് (പൗർണമി കഴിഞ്ഞ് എട്ടാം നാൾ) കൽക്കിയുടെ ജനനം എന്ന് ഭവിഷ്യത് പുരാണം വ്യക്തമാക്കുന്നു.

 

ജാതകപ്രകാരം കൽക്കി അതിശക്തനും സമ്പന്നനുമായിരിക്കും. ദ്രുതഗതിയിൽ ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനുമായിരിക്കും.എപ്പോഴും ജയിക്കുന്നവനും ധർമ്മിഷ്ഠനുമായിരിക്കും എന്നാണ്കൽക്കി പുരാണത്തിൽ പറഞ്ഞിരിക്കുന്നത്.കൽക്കിയുടെ ആദ്ധ്യാത്മിക ഗുരു യാജ്ഞവൽക്യനായിരിക്കും.വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ചിരഞ്ജീവിയാണ്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും കൽക്കിയുടെ വരവിനായി കാത്തിരിക്കുകയാണെന്നും കരുതപ്പെടുന്നു. കൽക്കിയെ ആയോധന വിദ്യകൾ അഭ്യസിപ്പിക്കുന്നത് പരശുരാമൻ ആയിരിക്കും എന്ന് അഗ്നിപുരാണം സൂചിപ്പിക്കുന്നു.

 

ലക്ഷ്മി ദേവിയുടെ അവതാരമായ പത്മയായിരിക്കും കൽക്കിയുടെ ഭാര്യ.കലിയുഗത്തിൽ മനുഷ്യർ ദൈവത്തെ വിസ്മരിച്ച് യാഗങ്ങളും യജ്ഞങ്ങളും അവസാനിപ്പിക്കും. എങ്ങും അധർമ്മം മാത്രമാകും.’ദേവദത്ത’ എന്ന വെളുത്ത കുതിരയാണ് കൽക്കിയുടെ വാഹനം.ഈ കുതിരയ്ക്ക് ചിറകുകളുണ്ട്. ദേവദത്തയുടെ പുറത്തിരുന്ന് കത്തിജ്ജ്വലിക്കുന്ന വാളുമായി ഭഗവാൻ കൽക്കി ഈ ലോകത്തെ ദുഷ്ടജനങ്ങളെ നിഗ്രഹിക്കും എന്നും കൽക്കി പുരാണം പറയുന്നു.

സജ്ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ദുഷ്ടന്മാരെയെല്ലാം നിഗ്രഹിച്ച് കൽക്കി കലിയുഗത്തിന് അന്ത്യം കുറിക്കും.എന്നിട്ട് സജ്ജനങ്ങൾക്ക് പരമമായ സത്യമുപദേശിച്ചു കൊടുക്കുകയും സത്യയുഗത്തിന് ആരംഭം കുറിക്കുകയും ചെയ്യും എന്ന്പത്മപുരാണം വ്യക്തമാക്കുന്നു. കൽക്കിയെ കുറിച്ച് കുറച്ചധികം കാര്യങ്ങൾ അറിയാ കഥകളിലൂടെ ഇപ്പോൾ മനസ്സിലായി കാണുമല്ലോ.ഇനി അടുത്ത ഭാഗത്തിൽ പുതിയൊരു കഥയുമായി എത്താം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *