കര്‍ഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ സി വിജയന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് സർക്കാർ നയം തിരുത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടത്.
കേരള സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയായി. കൃഷി ചെയ്യാനാവശ്യമായ പ്രാഥമിക സൗകര്യം ഒരുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സ്വകാര്യ ബാങ്കുകളില്‍ നിന്നു പോലും ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്ത കര്‍ഷകന് അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ നിരാശബാധിച്ച് ആത്മഹത്യ ചെയ്യുകയാണ്. ഇത് ഗുരുതരമായ സ്ഥിതിയാണ്.സംസ്ഥാന സര്‍ക്കാരിന്റെ നിസംഗതയും കഴിവുകേടുമാണ് ഓരോ കര്‍ഷകനെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നും കെ പി സി സി പ്രസിഡണ്ട് പറഞ്ഞു.