ഹിന്ദുക്കൾക്കും കോൺഗ്രസിൽ സ്ഥാനമുണ്ട് എന്ന എ കെ ആന്റണിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കെ മുരളീധരൻ എം പി.ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നും ആന്റണിയെ പിന്തുണച്ച് കെ മുരളീധരൻ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കാലത്തും അമ്പലങ്ങളിൽ പോയിട്ടുണ്ട്. വിശ്വാസികൾക്ക് സ്ഥാനം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.
മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
കുറി തൊടാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണെന്നും മുരളീധരൻ എം.പി പറഞ്ഞു.
സോളാർ കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയതോടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞുവെന്നും കെ മുരളീധരൻ. വൃത്തി കെട്ട രീതിയിലാണ് പിണറായിയുടെ പൊലീസ് കേസ് അന്വേഷിച്ചത്. മുഖ്യമന്ത്രി പൊതു സമൂഹത്തോട് മാപ്പ് പറയണം.
ഇത്രയും മ്ലേച്ചമായ രീതിയിൽ കേസെടുത്ത ചരിത്രം ഉണ്ടായിട്ടില്ല. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തുമോ? എന്നും മുരളീധരൻ ചോദിച്ചു. സ്വപ്നയുടെ കേസിൽ വരുന്ന
മൂന്ന് പ്രമുഖരും സി പി എമ്മിന്റെ നേതാക്കളാണ്. സോളാർ കേസിലെ സിബിഐ അന്വേഷണം സ്വർണക്കടത്തിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല. എന്തുകൊണ്ട് നേതാക്കന്മാർ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല. സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.