പുറത്ത് ചുട്ടുപൊള്ളുന്ന ചൂടാണ്, ഈ സമയത്ത് പഴങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ അവ ഫ്രഷ് ജ്യൂസ് ആക്കി കുടിക്കാന്‍ ആഗ്രഹം തോന്നുക സ്വഭാവികമാണ്. പഴങ്ങള്‍ എങ്ങനെ കഴിച്ചാലും അത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ അവയ്ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ സഹായിക്കുന്ന നാരുകളാല്‍ സമ്പന്നമാണ് പഴങ്ങള്‍. എന്നാല്‍ ജ്യൂസ് ആക്കുമ്പോള്‍ ഈ നാരുകള്‍ ഇല്ലാതാകുന്നു. കൂടാതെ ജ്യൂസില്‍ പഞ്ചസാരയുടെ അളവും കൂടുതലുമായിരിക്കും. ആരോഗ്യകരമെന്ന് കരുതി കുടിക്കുന്ന ജ്യൂസ് യഥാര്‍ഥത്തില്‍ നമ്മള്‍ക്ക് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. പഴങ്ങളില്‍ അടങ്ങിയ വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ പോഷക ഗുണങ്ങളും ജ്യൂസടിക്കുമ്പോള്‍ ഇല്ലാതാകും. പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ട് തന്നെ പ്രമേയ രോഗികള്‍ ഫ്രഷ് ജ്യൂസ് കുടിക്കുന്നത് ഇരട്ടി ആപത്താണ്. കൂടാതെ അമിതവണ്ണത്തിലേക്കും പതിവായ ജ്യൂസ് കുടി ശീലം നയിച്ചേക്കാം. ഫ്രഷ് ജ്യൂസ് അസിഡിക് ആയതിനാല്‍ പല്ലുകളുടെ ആരോഗ്യത്തിനും ജ്യൂസ് അധികമായി കുടിക്കുന്നത് നല്ലതല്ല.