കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ വീണ്ടും തരംഗമായി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഒക്ടോബര്‍ വരെ ജിയോ വരിക്കാരുടെ എണ്ണത്തില്‍ 9.22 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ മാത്രം 1.09 ലക്ഷം പുതിയ വരിക്കാരെ നേടാന്‍ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ വരിക്കാരുടെ എണ്ണത്തില്‍ 9 ലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, കേരളത്തിലെ മൊത്തം കണക്കുകള്‍ പരിഗണിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ജിയോ അതിവേഗം മുന്നേറിയപ്പോള്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കിതച്ചത് വോഡഫോണ്‍-ഐഡിയയാണ്. വിഐയുടെ വരിക്കാരുടെ എണ്ണം 7.07 ശതമാനമാണ് കുറഞ്ഞത്. അതായത്, ഏകദേശം 10 ലക്ഷത്തിലധികം പേരുടെ കുറവ്. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ വയര്‍ലെസ് ഉപഭോക്താക്കളുടെ എണ്ണത്തിലും 4.41 ശതമാനം കുറവുണ്ടായി. അതേസമയം, വയര്‍ലൈന്‍ വിഭാഗത്തില്‍ മൊത്തം വരിക്കാരുടെ എണ്ണം 4.97 ശതമാനമായാണ് വര്‍ദ്ധിച്ചത്.