സുസുക്കി തങ്ങളുടെ ജനപ്രിയ ഓഫ്-റോഡ് എസ്യുവിയായ ജിംനിയുടെ ഏറ്റവും വിലയേറിയതും എക്സ്ക്ലൂസീവുമായ പതിപ്പ് ഓസ്ട്രേലിയയില്‍ പുറത്തിറക്കി. ജിംനി എക്സ്എല്‍ റിനോ സ്പെഷ്യല്‍ എഡിഷന് എന്നാണ് ഇതിന്റെ പേര്. ഇന്ത്യയില്‍ മാരുതി സുസുക്കി ജിംനി എന്ന അഞ്ച് ഡോറുകളുള്ള ജിംനി എക്സ്എല്ലിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്ന തരത്തില്‍ കമ്പനി നിരവധി പുതിയ കോസ്മെറ്റിക് അപ്ഡേറ്റുകള്, എക്സ്ക്ലൂസീവ് സവിശേഷതകള്‍, പ്രത്യേക ആക്സസറി പാക്കേജുകള്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്. കൈനറ്റിക് യെല്ലോ നിറത്തിലും പേള്‍ ബ്ലാക്ക് റൂഫിലും മാത്രമേ ഈ പ്രത്യേക പതിപ്പ് ലഭ്യമാകൂ. മെക്കാനിക്കല്‍ കാര്യങ്ങളില്‍ എസ്യുവി അതേപടി തുടരുന്നു. 101 കുതിരശക്തി ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഉപയോഗിച്ച് ഇത് വാങ്ങാം. ഈ പതിപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ റിനോ ഗോ പായ്ക്കാണ്.
