‘മാമന്നന്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ സിംഗിള്‍ ‘ജിഗു ജിഗു റെയില്‍’ റിലീസ് ചെയ്തു. മാരി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മാമന്നന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര് റഹ്മാനാണ്. ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്, കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുട്ടികള്‍ക്കൊപ്പം ജിഗു ജിഗു റെയില്‍ എന്ന ഗാനം പാടുന്ന എആര്‍ റഹ്മാനെയാണ് ഈ ഗാനത്തില്‍ കാണുന്നത്. വടിവേലു, ഉദയനിധി, സംവിധായകന് മാരി സെല്‍വരാജ് എന്നിവരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുഗഭാരതിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയത്. പരിയേറും പെരുമാള്‍, കര്ണന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഒരു മുഴുനീള രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും ഇറങ്ങും മുന്‍പ് അഭിനേതാവെന്ന നിലയില്‍ ഉദയനിധിയുടെ അവസാന ചിത്രമായിരിക്കും മാമന്നന്. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേര്‍ന്ന് നില്ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നന്.