ആലിയ ഭട്ടിന്റെ സംരംഭമായ കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡ് എഡ്-എ-മമ്മ ഏറ്റെടുത്ത് ഇഷ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ് (ആര്.ആര്.വി.എല്‍). എഡ്-എ-മമ്മയുടെ 51ശതമാനം ഓഹരികള്‍ ഇനി റിലയന്സിന്റേതായിരിക്കും. 2-12 വയസ് പ്രായമുള്ള കുട്ടികള്‍ക്കുള്ള വസ്ത്ര ബ്രാന്‍ഡായി 2020-ലാണ് ആലിയ ഭട്ട് സ്ഥാപിച്ച എഡ്-എ-മമ്മ ആരംഭിച്ചത്. പ്രകൃതിദത്ത തുണിത്തരങ്ങള്‍ക്ക് മുന്‍തൂക്കം നല്കി ഓണ്‍ലൈനായി തുടങ്ങി പിന്നീട് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളിലെ ഓഫ്ലൈന് സാന്നിധ്യവും അറിയിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ പ്രിയപ്പെട്ട ബ്രാന്‍ഡ് ആയി. കഴിഞ്ഞ വര്‍ഷം, ബ്രാന്‍ഡ് ശ്രേണി വിപുലീകരിച്ച് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വസ്ത്രങ്ങള്‍ പുറത്തിറക്കി. പാഴ് തുണിത്തരങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിലൂടെയും പ്ലാസ്റ്റിക് ബട്ടണുകള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നൂതന പരിസ്ഥിതി സംരംഭങ്ങളിലൂടെ എഡ്-എ-മമ്മ ജനപ്രീതി നേടി. വ്യക്തിഗത പരിചരണം, ബേബി ഫര്‍ണിച്ചറുകള്‍ തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബ്രാന്‍ഡിനെ വളര്‍ത്താനും കുട്ടികളുടെ കഥാ പുസ്തകങ്ങളും അനിമേറ്റഡ് സീരീസും ആരംഭിക്കാന്‍ എഡ്-എ-മമ്മയ്ക്ക് പദ്ധതിയുണ്ട്.
ആലിയയുടെ എഡ്-എ-മമ്മ ഏറ്റെടുത്ത് ഇഷ അംബാനി
