ആഖ്യാനത്തില്‍ ഇരുട്ടിനും കയോസ് എന്ന ആദിമമായ അവ്യവസ്ഥയ്ക്കും ഇടം നല്‍കിക്കൊണ്ട് മനുഷ്യാവസ്ഥയെ കഥനവത്കരിക്കാനാണ് മധുപാല്‍ ശ്രമിക്കുന്നത്. അപ്പോഴും ആ ഇരുണ്ട ആഴത്തിനുള്ളില്‍ ഒരു പ്രകാശമുദിക്കുന്നു. സ്ത്രൈണമായ ആത്മീയതയുടെയും കരുണയുടെയും പ്രകാശമാണത്. ആ പ്രകാശം ഈ കഥകളെയും കയോസില്‍നിന്നു കരകയറ്റി, ഇനിയും ഈ ഭൂമിയില്‍ ജീവിതം സാദ്ധ്യമാണെന്ന വിശ്വാസത്തിന്റെ ഉറപ്പുള്ള കരയില്‍ അവയെ ഘടനപ്പെടാനും കഥനപ്പെടാനുമനുവദിക്കുന്നു. ഒറ്റത്തുരുത്തുകളാകുന്ന മനസ്സുകളുടെ വിഹ്വലതകളും വിചാരങ്ങളും വിഷമതകളും ഒരു സ്ഫടികത്തിലെന്നവിധം പ്രകാശിതമാക്കുന്ന കഥകള്‍. മധുപാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്’. ചിത്രീകരണം-ദേവപ്രകാശ്. മാതൃഭൂമി. വില 187 രൂപ.