പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നാലാംപാദ ലാഭഫലം പുറത്ത് വന്നു. അറ്റാദായത്തില്‍ 53 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 10,841 കോടിയാണ് മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഐ.ഒ.സിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 7,089 കോടിയായിരുന്നു ലാഭം.കമ്പനിയുടെ ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2.30 ലക്ഷം കോടിയാണ് കമ്പനിയുടെ ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 2.09 ലക്ഷം കോടിയായിരുന്നു വരുമാനം. ഇക്വിറ്റി ഷെയറൊന്നിന് മൂന്ന് രൂപ ലാഭവിഹിതമായി നല്‍കാനും ഐ.ഒ.സി തീരുമാനിച്ചു. എ.ജി.എമ്മില്‍ ഓഹരി ഉടമകള്‍ കൂടി അംഗീകരിച്ചതിന് ശേഷമായിരിക്കും ഡിവിഡന്റ് നല്‍കുക. യോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ഡിവിഡന്റ് വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം 2.20 ലക്ഷം കോടിയാണ്. 11 ശതമാനം വര്‍ധനയാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വരുമാനത്തിലൂടെയുണ്ടായത്. 1.99 ലക്ഷമായിരുന്നു മൂന്നാംപാദത്തിലെ പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം. അതേസമയം, പെട്രോ കെമിക്കല്‍സ് വില്‍പനയില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞിട്ടുണ്ട്. 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വരുമാനം 8009 കോടിയില്‍ നിന്ന് 6282 കോടിയായി ഇടിഞ്ഞു.