gold

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജിന്റെ നായികയായി നയന്‍താര എത്തുന്ന ചിത്രമാണ്. ഈ വര്‍ഷം ഓണം റിലീസ് ആയി ഗോള്‍ഡ് പ്രേക്ഷകന് മുന്നില്‍ എത്തുമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2021-22) വരുമാനത്തില്‍ രേഖപ്പെടുത്തിയത് 64 ശതമാനം വളര്‍ച്ച. രജിസ്ട്രാര്‍ ഒഫ് കമ്പനീസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍വര്‍ഷത്തെ 12,104 കോടി രൂപയില്‍ നിന്ന് 19,815.9 കോടി രൂപയിലേക്കാണ് കഴിഞ്ഞവര്‍ഷം വരുമാനം കുതിച്ചത്. അതേസമയം, എയര്‍ ഇന്ത്യയുടെ നഷ്ടം കഴിഞ്ഞവര്‍ഷം 7,017.4 കോടി രൂപയില്‍ നിന്ന് 9,556.5 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 80 ശതമാനം വളര്‍ച്ചയുമായി 1.15 കോടിയോളം യാത്രക്കാരെയാണ് എയര്‍ ഇന്ത്യ കൈകാര്യം ചെയ്തത്. സീറ്റുകളുടെ ബുക്കിംഗ് അനുപാതം (ലോഡ് ഫാക്ടര്‍) 73.5 ശതമാനമായിരുന്നു. 73.6 ശതമാനവുമായി ഏറ്റവും വലിയ കമ്പനിയായ ഇന്‍ഡിഗോ കൈകാര്യം ചെയ്തത് അഞ്ചുകോടി യാത്രക്കാരെ. ടാറ്റാ ഗ്രൂപ്പിന് കീഴിലെ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയുടെ സംയുക്ത വിപണിവിഹിതം 20.6 ശതമാനമാണ്.

രാജ്യത്ത് ഇന്ധന ഉപഭോഗം കഴിഞ്ഞമാസം ജൂണിലെ 18.68 മില്യണ്‍ ടണ്ണില്‍ നിന്ന് 5.7 ശതമാനം കുറഞ്ഞ് 17.62 മില്യണ്‍ ടണ്ണിലെത്തിയെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോര്‍ട്ട്. കഴിഞ്ഞര്‍ഷം ജൂലായെ അപേക്ഷിച്ച് ഉപഭോഗത്തില്‍ 6.1 ശതമാനം വര്‍ദ്ധനയുണ്ട്. ജൂണിനെ അപേക്ഷിച്ച് എല്‍.പി.ജി., നാഫ്ത എന്നിവയുടെ ഡിമാന്‍ഡ് ഉയര്‍ന്നു. പെട്രോള്‍, എ.ടി.എഫ്., ഡീസല്‍, ബിറ്റുമെന്‍ എന്നിവയുടെ ഉപഭോഗം കുറഞ്ഞു. 2021 ജൂലായെ അപേക്ഷിച്ച് പെട്രോളിന്റെ ഉപഭോഗം 6.8 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

‘കെജിഎഫ്’ എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാര്‍’ ഈ മാസം അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ്രശാന്ത് നീലിന്റെ തീരുമാനം. അടുത്ത വര്‍ഷമായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന. പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.  ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്.

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും യുകെ ആസ്ഥാനമായുള്ള ട്രയംഫ് മോട്ടോര്‍സൈക്കിളും 350 സിസി സെഗ്മെന്റില്‍ മത്സരിക്കുന്ന പുതിയ മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് എന്ന് റിപ്പോര്‍ട്ട്. ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ഒരു മോഡലാണ് ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വികസന ഘട്ടത്തിലുള്ള ഈ മോട്ടോര്‍സൈക്കിള്‍ അടുത്തിടെ യുകെയില്‍ പരീക്ഷണം നടത്തിയിരുന്നു. മോഡലിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ഈ വര്‍ഷം ഇന്ത്യന്‍ വിപണികളില്‍ ഇത് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതീവ രഹസ്യമായ പലതും മറവിക്കു വിട്ടു കൊടുക്കാതെ വരമൊഴിയിലേയ്ക്ക് പിടിച്ചെടുക്കുകയാണ് ഈ കഥകളില്‍. ‘ചെങ്ങഴിനീര്‍പ്പൂവ്’. എസ്.പി രമേഷ്. കറന്റ് ബുക്‌സ് തൃശൂര്‍. വില 71 രൂപ.

മദ്ധ്യവയസിലേക്ക് കടക്കുമ്പോള്‍ തൊട്ട് എല്ലുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ സ്വയം പരിഹരിച്ച് മുന്നേറാനുള്ള ശരീരത്തിന്റെ കഴിവ് കുറഞ്ഞുതുടങ്ങുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ എല്ലിന്റെ ആരോഗ്യത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ഈ ഘട്ടത്തില്‍ ആവശ്യമാണ്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് ഇത് സാധ്യമാവുക. കാത്സ്യത്തിന്റെ നല്ലൊരു സ്രോതസ് എന്ന നിലയില്‍ സോയാബീന്‍സ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഇത് അനുയോജ്യമാണ്. കൊളസ്‌ട്രോള്‍ ലെവല്‍ കുറവായതിനാലും ഗ്ലൂട്ടന്‍ കുറവായതിനാലും ഇത് ആരോഗ്യത്തിന് തീര്‍ത്തും യോജിച്ചതുമാണ്. ലെറ്റൂസ്, കാബേജ്, ചീര, ബ്രൊക്കോളി, കോളിഫ്‌ളവര്‍ തുടങ്ങിയ ഇനത്തില്‍ പെടുന്ന പച്ചക്കറികളും എല്ലുകളുടെ ബലം കൂട്ടാന്‍ നല്ലതാണ്. ഇവയും കാത്സ്യത്താല്‍ സമ്പന്നമാണ്. പാലും പാലുത്പന്നങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍- കാത്സ്യം  എന്നിവയുടെ മികച്ച സ്രോതസുകളാണിവ. കട്ടത്തൈര്, ചീസ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. മത്സ്യം കഴിക്കുന്നവരാണെങ്കില്‍ കൊഴുപ്പടങ്ങിയ മത്സ്യങ്ങളും ഡയറ്റിലുള്‍പ്പെടുത്താം. കാത്സ്യത്തിന് പുറമെ വൈറ്റമിന്‍ -ഡിയുടെ നല്ല ഉറവിടമാണ് കൊഴുപ്പുള്ള മത്സ്യങ്ങള്‍. ഇവ എല്ലിന് വളരെ നല്ലതാണ്. ബദാമും എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാകുന്ന ഭക്ഷണമാണ്. ദിവസവും എന്ന നിലയില്‍ ഭൂരിപക്ഷം പേരും കഴിക്കുന്ന ഒന്നാണ് മുട്ട. ഇതും എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നതിന് സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന കാത്സ്യം, വൈറ്റമിന്‍-ഡി എന്നിവയാണ് എല്ലിന് ഗുണകരമാകുന്നത്. ഭക്ഷ്യയോഗ്യമായ വിവിധയിനം വിത്തുകളുണ്ട്. മത്തന്‍ കുരു, സൂര്യകാന്തി വിത്ത് എല്ലാം ഇത്തരത്തിലുള്ളതാണ്. ഇവയെല്ലാം എല്ലിന് വളരെയധികം നല്ലതാണ്. പയറുവര്‍ഗങ്ങളും എല്ലിന്റെ ബലം കൂട്ടാന്‍ സഹായിക്കുന്നതാണ്. ബീന്‍സ് – പയര്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും നല്ലത്. പതിവായി തന്നെ പയറുവര്‍ഗങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. ഇവയിലുള്ള ഫൈബറും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.43, പൗണ്ട് – 97.11, യൂറോ – 82.03, സ്വിസ് ഫ്രാങ്ക് – 84.47, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.39, ബഹറിന്‍ ദിനാര്‍ – 210.70, കുവൈത്ത് ദിനാര്‍ -259.22, ഒമാനി റിയാല്‍ – 206.57, സൗദി റിയാല്‍ – 21.13, യു.എ.ഇ ദിര്‍ഹം – 21.63, ഖത്തര്‍ റിയാല്‍ – 21.82, കനേഡിയന്‍ ഡോളര്‍ – 62.22.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *