ഒക്ടോബര്‍-ഡിസംബര്‍ പാദഫല പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ഇന്‍ഫോസിസിന്റെയും ടി.സി.എസിന്റെയും ഓഹരികളില്‍ മുന്നേറ്റം. രാജ്യത്തെ ഐ.ടി കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന്റെ ലാഭം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലായളവിനേക്കാള്‍ ഏഴ് ശതമാനം കുറഞ്ഞ് 6,106 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം കേവലം 1.3 ശതമാനം വര്‍ധിച്ച് 38,821 കോടി രൂപയിലുമെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും നിരീക്ഷകരുടെ കണക്കുകൂട്ടിലിനൊപ്പമാണ് റിസള്‍ട്ടുകള്‍. 2023-24ലേക്കുള്ള വരുമാന വളര്‍ച്ചാ ഗൈഡന്‍സ് ഇന്‍ഫോസിസ് 1-2.5 ശതമാനത്തില്‍ നിന്ന് 1.5-2 ശതമാനത്തിലേക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഓക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ടി.സി.എസിന്റെ ലാഭം രണ്ട് ശതമാനം ഉയര്‍ന്ന് 11,508 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ പാദത്തേക്കാള്‍ ടി.സി.എസിന്റെ അറ്റാദായത്തില്‍ 2.5 ശതമാനം ഇടിവുണ്ടായി. വരുമാനം നാല് ശതമാനം വളര്‍ന്ന് 60,583 കോടി രൂപയിലെത്തി. ടി.സി.എസിന്റെ ലാഭം നിരീക്ഷകര്‍ കരുതിയതിനേക്കാള്‍ നേരിയതോതില്‍ ഉയര്‍ന്നു. ഒറ്റത്തവണ ലീഗല്‍ സെറ്റില്‍മെന്റിനായി 958 കോടി രൂപ ചെലവിട്ടത് ലാഭത്തെ ബാധിച്ചു. കഴിഞ്ഞ പാദത്തില്‍ ലഭിച്ച കരാറുകള്‍ സെപ്റ്റംബര്‍ പാദത്തിലെ 1,120 കോടി ഡോളറില്‍ നിന്ന് 810 കോടി ഡോളറായി താഴ്ന്നു.