ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന 78,000 കോടിയിലധികം വരുന്ന അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ നോമിനിക്ക് തിരിച്ചു നല്‍കാന്‍ ലളിതമായ മാര്‍ഗം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. 2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 78,213 കോടി രൂപയാണ് ഇതിലുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധന. എല്ലാ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ വിവരങ്ങള്‍ ഇതിലുണ്ടാകും. നിശ്ചിത രൂപത്തിലുള്ള അപേക്ഷഫോമും സാക്ഷ്യപത്രവും ഇതിലുള്‍പ്പെടുത്തും. നിക്ഷേപം തിരിച്ച് പിടിക്കാന്‍ വേണ്ട രേഖകളുടെ വിവരങ്ങളും ഉണ്ടാകും. അപേക്ഷകര്‍ അവരുടെ പേരും, മൊബൈല്‍ നമ്പറും, മേല്‍വിലാസവും അടക്കമുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. അതത് ബാങ്കുകളുടെ ശാഖകള്‍ ഇത് വേരിഫൈ ചെയ്ത് അപേക്ഷകള്‍ തീര്‍പ്പാക്കും. 2026 സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയി തന്നെ നിക്ഷേപം തിരിച്ചെടുക്കാനുള്ള സംവിധാനം നടപ്പാകുമെന്നാണ് സൂചന. ബാങ്ക് നിക്ഷേപങ്ങള്‍ക്കും ലോക്കറുകള്‍ക്കും ഒരേസമയം 4 നോമിനികളെ വയ്ക്കാന്‍ അവസരം നല്‍കാന്‍ ബാങ്കിംഗ് ഭേദഗതി ബില്‍ പാസാക്കിയിട്ടുണ്ട്. രാഷ്ട്രപതി അനുമതി നല്‍കുന്നതോടെ ബില്‍ നിയമമാകും.