ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പേടിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്. ബൈജു, അരുണ്‍, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്നാണ് ചിത്രത്തിന്റെ പേര്. മനു സി കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ജഗദീഷ് പളനിസാമി, സുധന്‍സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയതി അടിസ്ഥാനത്തില്‍ തെരയാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്ഡേറ്റിലാണ്. ചാറ്റില്‍ ഒരു സന്ദേശം സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ ബട്ടന്‍ നല്‍കിയിട്ടുണ്ടാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തീയതി തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കാണാം. തീയതി തെരഞ്ഞെടുത്താല്‍ പ്രസ്തുത തീയതിയില്‍ വന്ന സന്ദേശങ്ങള്‍ കാണാം. ഉടന്‍ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്.
എഡിറ്റ് ബട്ടണ്‍ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ട്വിറ്റര്‍. ട്വീറ്റ് ചെയ്ത് 30 മിനിറ്റിനകം ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള പുതിയ അപ്‌ഡേറ്റാണ് ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമാകുക. 30 മിനിറ്റിനുള്ളില്‍ അഞ്ച് എഡിറ്റുകള്‍ മാത്രമേ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ചെയ്യാനാകൂ. ഈ സമയപരിധിയ്ക്ക് ഉള്ളില് ഉപയോക്താവിന് അക്ഷരത്തെറ്റുകള്‍ തിരുത്താനും മീഡിയ ഫയലുകള്‍ അപ്ലോഡ് ചെയ്യാനും ടാഗുകള്‍ എഡിറ്റ് ചെയ്യാനും കഴിയും. സെന്‍ഡ് ബട്ടണ്‍ അമര്‍ത്തി മുപ്പത് സെക്കന്‍ഡിനുള്ളില്‍ ഒരു ട്വീറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന അണ്‍ഡു ഫീച്ചറും ട്വിറ്റര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ ഇ5 എയര്‍ക്രോസ് ഫെയ്സ്ലിഫ്റ്റിനെ 36.67 ലക്ഷം രൂപ എക്സ് ഷോറൂം വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷൈന്‍ ഡ്യുവല്‍ ടോണ്‍ എന്ന ഒറ്റ വേരിയന്റിലാണ് എസ്യുവി ലഭ്യമാകുന്നത്. പുതിയ മോഡല്‍ പുതിയ ഡിസൈന്‍ ഭാഷയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 3,750 ആര്‍പിഎമ്മില്‍ 174 ബിഎച്ച്പി കരുത്തും 2,000 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് സിട്രോണ്‍ സി5 എയര്‍ക്രോസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.
കുട്ടികള്‍ കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്‍ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്‍വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില്‍ കഥാകാരന്‍ അവരുടെ പൊട്ടിച്ചിരികളെ, അമര്‍ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്‌നേഹവാത്സല്യങ്ങളോടെ. ‘പത്മനാഭന്റെ കുട്ടികള്‍’. ടി. പത്മനാഭന്‍. എച്ച് & സി ബുക്‌സ്. വില -300 രൂപ.
ലോകത്ത് ഏറ്റവുമധികം നിര്‍ണയിക്കപ്പെടുന്ന മൂന്നാമത് അര്‍ബുദമാണ് വന്‍ കുടലിലും കോളോണിലും മലദ്വാരത്തിലും വരുന്ന ബവല്‍ കാന്‍സര്‍. നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കരള്‍, ശ്വാസകോശം, തലച്ചോര്‍, ലിംഫ് നോഡുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഈ അര്‍ബുദ കോശങ്ങള്‍ പടരും. അപൂര്‍വമായി കുടല്‍ കാന്‍സര്‍ എല്ലുകളിലേക്കും പടരാറുണ്ട്. ബോണ്‍ മെറ്റാസ്റ്റാസിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. എല്ലുകളിലേക്ക് പടരുന്ന അര്‍ബുദം രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കൂട്ടുന്ന ഹൈപ്പര്‍കാല്‍സീമിയക്ക് കാരണമാകുമെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാന്‍സര്‍ ബാധിതരില്‍ 20 ശതമാനത്തിന് വരെ ഇത്തരത്തില്‍ ഹൈപ്പര്‍കാല്‍സീമിയ ഉണ്ടാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അര്‍ബുദം എല്ലുകളിലേക്ക് പടരുന്നത് ഇവയെ ദുര്‍ബലപ്പെടുത്തുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യും. എല്ലുകള്‍ പെട്ടെന്ന് ഒടിയാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു. ഹൈപര്‍കാല്‍സീമിയയുടെ മറ്റ് ലക്ഷണങ്ങള്‍ ക്ഷീണം, മനംമറിച്ചില്‍, അമിതമായ ദാഹം, വയര്‍ പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി, മലബന്ധം, ആശയക്കുഴപ്പം എന്നിവയാണ്. കുടലിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും അത്ര പ്രകടമാകാറില്ല. വയറ്റില്‍ നിന്ന് പോകുന്നതില്‍ നിരന്തരമായ മാറ്റങ്ങള്‍, പൈല്‍സ് പ്രശ്‌നമില്ലാതെ മലത്തില്‍ രക്തം, വയര്‍വേദന, നിരന്തരം ഗ്യാസ്, അസ്വസ്ഥത, മലബന്ധം എന്നിവയെല്ലാം കുടല്‍ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങള്‍ മൂന്നാഴ്ചയില്‍ കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടേണ്ടതാണ്.