വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം 24,000 ടണ്‍ സ്വര്‍ണം ഇന്ത്യന്‍ വനിതകള്‍ക്ക് സ്വന്തം. നിലവിലെ വിലയനുസരിച്ച് ഏതാണ്ട് 11 ലക്ഷം കോടി രൂപയിലധികം വിലയുണ്ടാകുമെന്നാണ് കണക്ക്. ലോകത്ത് ആഭരണ രൂപത്തിലുള്ള സ്വര്‍ണ ശേഖരത്തിന്റെ 11 ശതമാനം വരുമിത്. യു.എസും റഷ്യയും അടങ്ങുന്ന അഞ്ച് വമ്പന്‍ രാജ്യങ്ങളുടെ പക്കലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യന്‍ വനിതകളുടെ കയ്യിലുണ്ട്. യു.എസ് 8,000 ടണ്ണും ജര്‍മനി 3,300 ടണ്ണും ഇറ്റലി 2,450 ടണ്ണും ഫ്രാന്‍സ് 2,400 ടണ്ണും റഷ്യ 1,900 ടണ്ണും സ്വര്‍ണമാണ് ഗോള്‍ഡ് റിസര്‍വായി സൂക്ഷിക്കുന്നത്. മൊത്തത്തില്‍ കൂട്ടിയാലും 18,050 ടണ്‍ മാത്രമേ ആകുന്നുള്ളൂ. അന്താരാഷ്ട്ര നാണയ നിധി പോലുള്ള സംഘടനകളുടെ സ്വര്‍ണ ശേഖരത്തെ കവച്ചു വക്കുന്ന രീതിയിലാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ സമ്പാദ്യം. ഇന്ത്യന്‍ സ്വര്‍ണ ശേഖരത്തിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്നത് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്. മലയാളിയുടെ വാര്‍ഷിക സ്വര്‍ണ ഉപയോഗം 200-225 ടണ്ണിന് മുകളിലാണ്. സ്വര്‍ണവും വെള്ളിയും വ്യാപാരം ചെയ്യുന്ന 15,000ലധികം സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്.