രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്; സ്വര്‍ണവിലയില്‍ വര്‍ധനയും. സ്വര്‍ണവില ആദ്യമായി 54,000 കടന്നു. ഇന്ന് 720 രൂപ വര്‍ധിച്ച് 54,360 രൂപയിലെത്തി നില്‍ക്കുകയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഔണ്‍സിന് 2,358 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് 2,387 ഡോളറിലേക്ക് ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 83.51 ലേക്ക് ഇടിഞ്ഞതുമാണ് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിച്ചത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ തിരിച്ചുകയറിയിരുന്നു. ഇന്നലെ പവന് 440 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് 12ന് രേഖപ്പെടുത്തിയ മുന്‍ റെക്കോഡ് 53,760 പഴങ്കഥയാക്കി ഇന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അതിനിടെ ശനിയാഴ്ച മാത്രമാണ് ഒരു ഇടിവ് നേരിട്ടത്. അതിനിടെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെയും സ്വാധീനിച്ചത്. ഇതിന് പുറമേ പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ സമയമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയെ ബാധിച്ചു. ശക്തിയാര്‍ജ്ജിച്ച ഡോളര്‍ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മറ്റു ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതും രൂപയെ സ്വാധീനിച്ചതായി വിദഗ്ധര്‍ പറയുന്നു. മദ്ധ്യേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി നേരിടുന്ന തളര്‍ച്ചയാണ് സ്വര്‍ണനിക്ഷേപങ്ങളുടെ സ്വീകാര്യത കൂട്ടുന്നത്. സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപങ്ങള്‍ മാറ്റുകയാണ്.