‘അനീതി കണ്ടാല്‍ ഞാന്‍ എത്തിയിരിക്കും, ഇന്ത്യന്‍ ഒരിക്കലും മരണമില്ല,’- 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ഇന്ത്യന്‍’ സിനിമയുടെ ക്ലൈമാക്സ് സീനില്‍ സേനാപതി പറഞ്ഞ വാക്കുകള്‍! ആ വാക്കുകള്‍ നിറവേറ്റാന്‍ വീണ്ടും ഇന്ത്യന്‍ എത്തുകയാണ്. ജൂലൈ 12ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ‘ഇന്ത്യന്‍ 2’ മിഴിതുറക്കും. ഉലകനായകന് കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 200 കോടിയോളം രൂപ മുതല്‍മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ നിര്‍മാണ ചിലവ്. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമല്‍ ഹാസന് വിസ്മയിപ്പിക്കുമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്, ജയപ്രകാശ്, ജഗന്, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്നര്‍. സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് നാളെ ആരംഭിക്കും.
‘ഇന്ത്യന്‍ 2’ അഡ്വാന്‍സ് ബുക്കിങ് നാളെ മുതല്‍
