കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-23) മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ. 85,000 കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ മാര്‍ച്ച് 31നകം കയറ്റുമതി ചെയ്‌തെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ പങ്കുവെക്കുന്ന ഡാറ്റ വ്യക്തമാക്കുന്നു. ഉത്പാദനധിഷ്ഠിത ഇന്‍സെന്റിവ് സ്‌കീമുകള്‍ നടപ്പാക്കിയതിന്റെ ഫലമായി, മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 80മുതല്‍ 85 ശതമാനം ഐഫോണുകള്‍ നിര്‍മ്മിച്ച ചൈനയ്‌ക്കൊപ്പം മുന്നേറുകയാണ് ഇന്ത്യ. കണക്കുകള്‍ പ്രകാരം, ചൈനയില്‍ നിന്നും വിട്ട് സ്മാര്‍ട്ട്ഫോണ്‍ വിതരണ ശൃംഖലയായി ഇന്ത്യയും വിയറ്റ്നാമും മാറും. 2022 അവസാനത്തോടെ ഐഫോണുകളുടെ മൊത്തത്തിലുള്ള ഉത്പാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണ്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍നിന്ന് ഒരുബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിള്‍. നിലവില്‍ ഐഫോണുകള്‍ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിര്‍മ്മിക്കുന്നുണ്ട്. ഐസിഇഎയുടെ കണക്കുകള്‍ പ്രകാരം യുഎഇ, യുഎസ്, നെതര്‍ലന്‍ഡ്‌സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ പ്രധാനമായും ഇന്ത്യയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കയറ്റി അയക്കുന്നത്.