ഐഫോണ്‍ കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതി 2023 മെയ് മാസത്തില്‍ 10,000 കോടി രൂപയില്‍ എത്തി. വ്യാവസായിക കണക്കുകള്‍ പ്രകാരം ഈ മാസം രാജ്യത്ത് നിന്നുള്ള സ്മാര്‍ട്ട്ഫോണുകളുടെ മൊത്തം കയറ്റുമതി 12,000 കോടി രൂപയായി. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 20,000 കോടി കവിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,066 കോടി രൂപയായിരുന്നു. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന് പ്രകാരം രണ്ട് മടങ്ങാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിച്ചതോടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി ഏകദേശം നാലിരട്ടി ഉയര്‍ന്ന് അഞ്ച് ബില്യണ്‍ ഡോളറായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ 80 ശതമാനവും ആപ്പിളിന്റെ സംഭാവനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബാക്കി 20 ശതമാനം സാംസങും മറ്റ് ചില പ്രാദേശിക ബ്രാന്‍ഡുകളും പങ്കിട്ടു. ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ച്, പ്രീമിയം സ്മാര്‍ട്ട് ഉപകരണങ്ങളുടെ പുതിയ സാധ്യതയുള്ള കേന്ദ്രമാക്കി മാറ്റാനാണ് ആപ്പിളിന്റെ പദ്ധതി.