പ്രധാനമന്ത്രി നരേന്ദ്രേ മോദി ഇന്ത്യ ഊർജവാരം ബംഗളൂരുവിൽ രാവിലെ ഉദ്ഘാടനം ചെയ്യും. പുനരുപയോഗ ഊർജ ഉപയോഗത്തിന്റെ രാജ്യത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുകയാണ് ഊർജ വാരാചരണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എനർജി വീക്ക് പരിപാടി ഉദ്ഘാടനം ചെയ്യുന്ന മോദി,11 സംസ്ഥാനങ്ങളിലായി 20 ഇന്ധനം ലഭ്യമാകുന്ന 84 റീട്ടെയ്ൽ കേന്ദ്രങ്ങളും ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഊർജമന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്രീൻ റാലിയും മോദി ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണശാല മോദി രാജ്യത്തിന് സമർപ്പിക്കും. 2016-ലാണ് കർണാടകയിലെ തുമകുരുവിൽ ഈ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടത്. തദ്ദേശീയമായി ഒരു വർഷം 100 ഹെലികോപ്റ്ററുകൾ വരെ നിർമിക്കാൻ കഴിയുന്ന തരത്തിൽ ഫാക്ടറിയെ വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ കീഴിലുള്ള ഈ ഹെലികോപ്റ്റർ ഫാക്ടറിയിൽ നിർമിച്ച ആദ്യ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ പറക്കലിന് തയ്യാറായിക്കഴിഞ്ഞു.നിലവിൽ 30 ഹെലികോപ്റ്ററുകൾ വരെ ഒരു വർഷം നിർമിക്കാനുള്ള സൗകര്യങ്ങളുണ്ട്. ചെറു യുദ്ധഹെലികോപ്റ്ററുകളുടെ നിർമാണവും സർവീസ്, റിപ്പയർ അടക്കമുള്ള സൗകര്യങ്ങളും ഭാവിയിൽ ഈ ഫാക്ടറിയിൽ ഒരുക്കും. സ്വയം പര്യാപ്ത ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ ഫാക്ടറി നിർമിച്ചത്.