രാജ്യത്ത് വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധനവ്. ഈ മാസം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റിയില്‍ 11,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇവയില്‍ അദാനി ഗ്രൂപ്പ് കമ്പനികളില്‍ യുഎസ് ആസ്ഥാനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് നടത്തിയ നിക്ഷേപമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഡെപ്പോസിറ്ററുകളില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച്, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ച് 17 വരെ 11,495 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 5,294 കോടി രൂപയും, ജനുവരിയില്‍ 28,852 കോടി രൂപയും പിന്‍വലിക്കപ്പെട്ട സാഹചര്യത്തിലാണ് മാര്‍ച്ചില്‍ മുന്നേറ്റം. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 22,651 കോടി രൂപയുടെ എഫ്പിഐ വില്‍പ്പനയാണ് നടന്നിട്ടുള്ളത്. അതേസമയം, അമേരിക്കയിലെ പ്രമുഖ ബാങ്കുകളായ സിലിക്കണ്‍ വാലി ബാങ്ക്, സിഗ്‌നേച്ചര്‍ ബാങ്ക് എന്നിവയുടെ തകര്‍ച്ചയും വിവിധ ആഗോള പ്രതിസന്ധികളും കാരണം വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്താന്‍ സാധ്യതയുണ്ട്.