ത്രിപുരയിൽ സിപിഎമ്മുമായുള്ള സീറ്റ് ധാരണ ലംഘിച്ച് പതിമൂന്നിന് പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് അടക്കം 48 സ്ഥാനാര്‍ഥികളെ ബിജെപിയും പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അതൃപ്തരായ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തു.അറുപത് നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 47 സീറ്റ് ഇടത് പാര്‍ട്ടികള്‍ക്കും 13 കോണ്‍ഗ്രസിനും എന്നതായിരുന്നു ധാരണ. എന്നാല്‍ ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് തെറ്റി. പിന്നീട് പുറത്തുവന്ന കോണ്‍ഗ്രസ് പട്ടികയില്‍ പതിനേഴ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎമ്മിന്‍റെ ബർജാല, മജ്‍ലിഷ്പൂർ സീറ്റുകളിലും ആർഎസ്പിയുടെയും ഫോർവേർഡ് ബ്ലോക്കിന്‍റെയും ഓരോ സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ നിര്‍ത്തിയത്. കോണ്‍ഗ്രസിന് 2018 വരെ ശക്തിയുണ്ടായിരുന്ന മേഖലകളാണ് ഇത്. ധാരണയില്‍ വിള്ളലുണ്ടാക്കുന്ന കോണ്‍ഗ്രസ് നടപടിക്കെതിരെ സിപിഎം പ്രതികരിച്ചിട്ടില്ല. 48 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഗോത്രമേഖലയടക്കം 12 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി മണിക് സർക്കാർ മത്സരിച്ചിരുന്ന ധൻപൂരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമികാണ് ബിജെപി സ്ഥാനാർത്ഥി. 1998 മുതല്‍ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായിരുന്ന മണിക്ക് സർക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് മണ്ഡലം പിടിക്കാൻ പ്രതിമ ഭൗമികിനെ ബിജെപി രംഗത്ത് ഇറക്കിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan