എന്താണ് കേരളം എന്നും കേരളത്തിന്റെ ചരിത്രം എന്തൊക്കെയാണെന്നും കഴിഞ്ഞ ഭാഗങ്ങളിലൂടെ നമ്മൾ മനസ്സിലാക്കിയല്ലോ. ഇനി നമുക്ക് കേരളത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് നോക്കാം….!!!
കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു.തദ്ദേശവാസികളെ അടിച്ചമർത്തി പുറത്തു നിന്നും വന്നവർ കാര്യക്കാർ ആയതിനെ ഈ കഥ സൂചിപ്പിക്കുന്നു.കേരളം ഒരു ചെറിയ സംസ്ഥാനമാണിത്. ഇന്ത്യയുടെ വെറും 1.18 ശതമാനം വിസ്തീർണ്ണമേ കേരളത്തിനുള്ളൂ. എന്നാൽ ജനസംഖ്യയുടെ കാര്യത്തിൽ 3-4 % വരുന്നുണ്ട്.കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ 124 കിലോമീറ്റർ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.
കേരളത്തിലെ പതിനാല് ജില്ലകൾ വടക്കേ മലബാർ, തെക്കേ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാല് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു. ഈ കാഴ്ചപ്പാടിന്ന് ഇവിടെ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടിഷ്ഭരണസംവിധാനങ്ങൾ രൂപംകൊണ്ട കാലത്തോളമേ പഴക്കമുള്ളൂ. അതിന്നുമുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു. ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു.
വടക്കേ മലബാർ എന്നറിയപ്പെടുന്നത് കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക്, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് എന്നീ പ്രദേശങ്ങളാണ്.തെക്കേ മലബാർ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, മലപ്പുറം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ ഉൾപ്പെടുന്നവയാണ്.കൊച്ചി, എറണാകുളം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ കൂടിച്ചേർന്നതാണ്.തിരുവിതാംകൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഒരുമിച്ചു ചേർന്നതാണ്.
44 നദികളാണ് കേരളത്തിലുള്ളത് അവയിൽ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. കബനി, ഭവാനി, പാമ്പാർ എന്നീ മൂന്ന് നദികൾ കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്നു. കേരളത്തിന് 580 കിലോമീറ്റർ നീളത്തിൽ കടൽത്തീരമുണ്ട്.14 ജില്ലകളിൽ 9ഉം കടലിനോട് ചേർന്നു കിടക്കുന്നവയാണ്. അന്തർദേശീയധാരണ അനുസരിച്ച് കരയിൽ നിന്ന് 320 കിലോമീറ്റർ ദൂരം വരെയുള്ള കടൽ പ്രദേശം കേരളത്തിന് മത്സ്യബന്ധനത്തിനവകാശപ്പെട്ടതാണ്.
കൊച്ചി എന്ന പ്രധാന തുറമുഖം കൂടാതെ 18 അപ്രധാനതുറമുഖങ്ങളും കേരളത്തിലുണ്ട്. വിഴിഞ്ഞം തുറമുഖം,കൊല്ലം തുറമുഖം തങ്കശ്ശേരി തുറമുഖം, ആലപ്പുഴ തുറമുഖം, കായംകുളം തുറമുഖം, മനക്കോടം തുറമുഖം, തിരുവനന്തപുരം തുറമുഖം, നീണ്ടകര തുറമുഖം, മുനമ്പം തുറമുഖം, പൊന്നാനി തുറമുഖം, ബേപ്പൂർ തുറമുഖം, കോഴിക്കോട് തുറമുഖം, തലശ്ശേരി തുറമുഖം, കണ്ണൂർ തുറമുഖം, അഴീക്കൽ തുറമുഖം, കാസറഗോഡ് തുറമുഖം, മഞ്ചേശ്വരം തുറമുഖം, നീലേശ്വരം തുറമുഖം എന്നിവയാണ് അവ.കേരളത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 29,1 ശതമാനം, അതായത് 11,309.5 ചതുരശ്രകിലോമീറ്റർ വനമേഖലയാണ്. ഇതിൽ വിവിധതരം ഉഷ്ണമേഖലാവനങ്ങൾ, ഇലപൊഴിയും വരണ്ടവനങ്ങൾ, ചോലവനങ്ങൾ, പുൽമേടുകൾ തുടങ്ങിയവ ഉൾപ്പെടുന്നു
കേരളം ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്.മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീർത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികൾക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങൾ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാർ , നെല്ലിയാമ്പതി, പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും ഫോർട്ട് കൊച്ചി, കോവളം, വർക്കല, ചെറായി ബീച്ചുകളും, പെരിയാര്, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായൽ മേഖലയും ഹൌസ് ബോട്ടുകളും തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും, വാസ്കോഡഗാമ കപ്പലിറങ്ങിയ കോഴിക്കോട്ടെ കാപ്പാട് ബീച്ചും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്.
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിർണായകമായ പങ്കു വഹിക്കുന്നു.കേരളത്തിലെ തനതായ നൃത്തങ്ങളിൽ ശാസ്ത്രീയകലകളായ കഥകളി, മോഹിനിയാട്ടം, തുള്ളൽ, തിരുവാതിരക്കളി തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ കൂടാതെ തെയ്യം, തിറയാട്ടം, മാർഗ്ഗംകളി, ഒപ്പന, ഗരുഡനൃത്തം, മുടിയേറ്റ്, പരണേറ്റ്, വേലകളി, കാക്കാരിശ്ശി നാടകം, കണ്ണിയാർകളി, പൊറാട്ടുനാടകം, ചവിട്ടുനാടകം തുടങ്ങി അനേകം നാടൻ കലാരൂപങ്ങൾ പ്രാദേശികമായി കേരളത്തിലുണ്ട്.
കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളവും, ഔദ്യോഗിക മുദ്ര അശോകസ്തംഭത്തിന് ഇരുവശവുമായി നിൽക്കുന്ന ആനകളുമാണ്. തെങ്ങാണ് കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം. മലമുഴക്കി വേഴാമ്പലിനു ഔദ്യോഗിക പക്ഷിയുടേയും ഇന്ത്യൻ ആനയ്ക്ക് ഔദ്യോഗിക മൃഗത്തിന്റേയും സ്ഥാനമുണ്ട്. കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും, കരിമീൻ കേരളത്തിന്റെ ഔദ്യോഗിക മത്സ്യവും, ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലവും, ഇളനീർ കേരളത്തിന്റെ ഔദ്യോഗിക പാനീയവും ആണ്. എല്ലാംകൊണ്ടും കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്. ഭൂ പ്രകൃതി കൊണ്ടും പരസ്പര സ്നേഹം കൊണ്ടും കരുത്ത് നേടിയ നാട്.