വായ പൊട്ടിയാലും പനി വന്നാലുമൊക്കെ ഡോക്ടറുടെ നിര്‍ദേശമില്ലാതെ പലരും വിറ്റാമിന്‍ ബി കോംപ്ലസ് ഗുളികകള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇവ ഓവര്‍ ഡോസ് ആയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. എട്ട് ബി വിറ്റാമിനുകളുടെ ഒരു കൂട്ടമാണ് വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്ന് വിളിക്കുന്നത്. ഇതില്‍ ബി 1(തയാമിന്‍), ബി 2 (റൈബോഫ്‌ലേവിന്‍), ബി 3 (നിയാസിന്‍), ബി 5 (പാന്റോതെനിക് ആസിഡ്), ബി 6 (പിറിഡോക്‌സിന്‍), ബി 7 (ബയോട്ടിന്‍), ബി 9 (ഫോളിക് ആസിഡ്), ബി 12 (കോബാലമിന്‍) എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ നിര്‍മാണ ഘടകങ്ങളാണ് വിറ്റാമിന്‍ ബി കോംപ്ലസ്. തലച്ചോറിന്റെ പ്രവര്‍ത്തനം, കോശങ്ങളുടെ ഉപാപചയം, ഊര്‍ജ്ജ നില എന്നിവയില്‍ ഇവ നേരിട്ട് സ്വാധീനം ചെലുത്തുന്നു. വിറ്റാമിന്‍ ബി കോപ്ലക്‌സ് കഴിക്കുന്നത് കോശ ആരോഗ്യം, ചുവന്ന രക്താണുക്കളുടെ വളര്‍ച, ഊര്‍ജ്ജ നില, കാഴ്ച, തലച്ചോറിന്റെ പ്രവര്‍ത്തനം, ദഹനം, വിശപ്പ്, ശരിയായ നാഡി പ്രവര്‍ത്തനം, ഹോര്‍മോണുകളുടെ ഉല്‍പാദനം, ഹൃദയാരോഗ്യം, പേശികളുടെ ആരോഗ്യം എന്നിവയ്ക്ക് നല്ലതാണ്. എന്നാല്‍ അമിതമായാല്‍ വിറ്റാമിന്‍ ബി കോപ്ലക്‌സും പണി തരും. ഇവയ്ക്ക് പാര്‍ശ്വഫലങ്ങളുണ്ട്. ഉയര്‍ന്ന അളവില്‍ ബി3 (നിയാസിന്‍) കഴിക്കുന്നത് ഓക്കാനം, ഛര്‍ദ്ദി അല്ലെങ്കില്‍ വയറിളക്കം പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മറുവശത്ത്, ബി6 വിഷാംശം വയറുവേദനയ്ക്കും വയറു വീര്‍ക്കുന്നതിനും കാരണമാകും. ബി3 (നിയാസിന്‍) ചര്‍മത്തില്‍ ചുവപ്പ്, ചൊറിച്ചില്‍ ഉണ്ടാക്കാം. നിയാസിന്‍ ഫ്‌ലഷ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. അമിതമായ ബി6 കഴിക്കുന്നത് നാഡിക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും, മരവിപ്പ്, ഇക്കിളി, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഉയര്‍ന്ന അളവില്‍ നിയാസിന്‍ ഹൃദയ താളത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ രക്തസമ്മര്‍ദ്ദം കുറയുകയോ ചെയ്‌തേക്കാം. ഹൃദ്രോഗമുള്ളവര്‍ക്ക് ഇത് അപകടകരമാകാന്‍ സാധ്യതയുണ്ട്. വളരെ ഉയര്‍ന്ന അളവില്‍ ബി12 വൃക്കരോഗമുള്ളവര്‍ക്ക് ദോഷകരമാകാം.