കൊളസ്ട്രോളിന്റെ ഉത്പാദനം കുറയുന്നത് മുടികൊഴിച്ചിലിനു കാരണമാകുമെന്ന് പഠനം. കൊളസ്ട്രോളിലെ വ്യതിയാനം ഹെയര്‍ ഫോളിക്കിളുകള്‍ (മുടിയുടെ ജീവനുള്ള ചുവട്) സ്ഥിരമായി നഷ്ടപ്പെടാനും ത്വക്കില്‍ പാട് രൂപപ്പെടുത്താനും കാരണമാകുമെന്നും പഠനത്തില്‍ കണ്ടെത്തി. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പഠനം നടത്തിയത്. മുടികൊഴിച്ചിലും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പഠനം. ത്വക്കിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുടിവളര്‍ച്ചയുടെ രൂപവത്കരണത്തിലും കൊളസ്ട്രോളിന് പ്രധാന പങ്കുണ്ട്. കൊളസ്ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക സമസ്ഥിതി തകരാറിലാക്കുകയും മുടിവളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. എലികളിലാണ് ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയത്. പഠനവിവരങ്ങള്‍ ജേണല്‍ ഓഫ് എന്‍ഡോക്രൈനോളജി ആന്‍ഡ് റീപ്രൊഡക്ഷന്‍ എന്ന അക്കാദമിക് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരുന്നിലൂടെ എലികളുടെ ത്വക്കിലെ കൊളസ്ട്രോള്‍ തടസ്സപ്പെടുത്തിയപ്പോള്‍ അവയ്ക്ക് പുതിയ രോമം ഉണ്ടാകുന്നില്ലെന്നു കണ്ടെത്തി. മുടികൊഴിച്ചിലുള്ള മനുഷ്യരുടെ ജീനുകളെക്കുറിച്ചും ഗവേഷകര്‍ പഠിച്ചു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ അമിത അളവില്‍ ഉപയോഗിക്കുന്നത് മനുഷ്യരില്‍ മുടികൊഴിച്ചിലിനു കാരണമാകുമെന്നാണ് കണ്ടെത്തിയത്.