ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളില്‍ ഒന്നാണ് കൊഴുപ്പ്. നമ്മുടെ ദൈനംദിന ഊര്‍ജ്ജ നില നിലനിര്‍ത്താനും ശരീരത്തില്‍ വിറ്റാമിനുകളെയും ധാതുക്കളെയും ആഗിരണം ചെയ്യുന്നതിനും കോശ നിര്‍മാണത്തിനും കൊഴുപ്പ് ശരീരത്തില്‍ കൂടിയേ തീരൂ. എന്നാല്‍ എല്ലാ തരം കൊഴുപ്പുകളും നല്ലതല്ല താനും. സസ്യാധിഷ്ഠിത ഭക്ഷണത്തിലാണ് കൂടുതലായും അപൂരിത കൊഴുപ്പുകള്‍ കാണുന്നത്. കൊളസ്‌ട്രോള്‍, ശരീരവീക്കം എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അപൂരിത കൊഴുപ്പ് സഹായിക്കും. ഫാറ്റി ആസിഡ് അടങ്ങിയ കൊഴുപ്പാണ് മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്. ഇവ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒലിവ് ഓയില്‍, നിലക്കടല എണ്ണ, അവോക്കാഡോ, ബദാം, മത്തങ്ങ വിത്തുകള്‍, എള്ള് എന്നിവയില്‍ മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡ് അടങ്ങിയവയാണ് പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്. സൂര്യകാന്തി, ചോളം, ഫ്‌ളാക്‌സ് വിത്തുകള്‍, വാല്‍നട്ട് എന്നിവയില്‍ പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഘടകമാണ് ഒമേഗ-3 കൊഴുപ്പ്. മത്സ്യം, വാല്‍നട്ട്, ചിയ വിത്തുകള്‍ തുടങ്ങിയവയില്‍ ഒമേഗ-3 കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. മൃഗ ഉല്‍പ്പന്നങ്ങളിലാണ് കൂടുതലായും സാച്ചുറേറ്റഡ് കൊഴുപ്പ് ഉള്ളത്. വെളിച്ചെണ്ണ പോലുള്ള സസ്യഭക്ഷണങ്ങളിലും പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. സാച്ചുറേറ്റഡ് കൊഴുപ്പ് അമിതമാകുന്നത് ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍), അപ്പോളിപോപ്രോട്ടീന്‍ ബി എന്നിവ കൂട്ടാന്‍ കാരണമാകും. എന്നാല്‍ 6-7% വരെ മിതമായ രീതിയില്‍ കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമല്ല. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ട്രാന്‍സ് കൊഴുപ്പ് ചീത്ത കൊളസ്‌ട്രോള്‍ കൂട്ടാനും ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരവീക്കം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.