ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഓറ ഹൈ-സിഎന്‍ജി പുറത്തിറക്കി. ഒരു വേരിയന്റില്‍ മാത്രമാണ് കമ്പനി ഈ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സിംഗിള്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുള്ള ഈ സിഎന്‍ജി കാര്‍ 7.50 ലക്ഷം രൂപയില്‍ താഴെ വിലയിലാണ് ഹ്യുണ്ടായ് പുറത്തിറക്കിയിരിക്കുന്നത്. അതിനാല്‍, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സിഎന്‍ജി കാറായി ഹ്യുണ്ടായ് ഓറ സിഎന്‍ജി മാറി. ഇതുവരെ രണ്ട് ലക്ഷത്തിലധികം യൂണിറ്റ് ഓറ ഇന്ത്യന്‍ വിപണിയില്‍ വിറ്റു. 1.2 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഓറ സിഎന്‍ജിക്ക് കരുത്തേകുന്നത്. ഈ കാര്‍ സിഎന്‍ജിയില്‍ 69 എച്പിയും 95 എന്‍എമ്മും പെട്രോളില്‍ 83 എച്പിയും 114 എന്‍എമ്മും ഉത്പാദിപ്പിക്കുന്നു. ഹ്യുണ്ടായ് ഓറ സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ ലഭ്യമാകൂ. അതേസമയം പെട്രോള്‍ വേരിയന്റില്‍ 5 സ്പീഡ് എഎംടി ഓപ്ഷനും ലഭ്യമാണ്.