എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹ്യൂണ്ടായ് ഇന്ത്യ. ഇതോടെ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ വാഹന കമ്പനി കൂടിയാവും ഹ്യൂണ്ടായ്. ദക്ഷിണ കൊറിയന്‍ ഓട്ടോ ഭീമന്റെ ഇന്ത്യന്‍ വിഭാഗം ആകെ 13 മോഡലുകളാണ് വാഗ്ദാനം ചെയ്യുന്നത്– ഗ്രാന്‍ഡ് ഐ10 നിയോസ്, ഐ20, ഐ20 എന്‍-ലൈന്‍, ഓറ, എക്സ്റ്റര്‍, വെന്യു, വെന്യു എന്‍-ലൈന്‍, വെര്‍ണ, ക്രെറ്റ, അല്‍കാസര്‍, ടുക്സണ്‍, കോന ഇലക്ട്രിക്, അയോണിക് 5 എന്നിവയാണിത്. സെപ്റ്റംബറില്‍ മൊത്തം 71,641 യൂണിറ്റുകളാണ് ഹ്യൂണ്ടായ് വിറ്റത്, ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും സംയോജിപ്പിക്കുമ്പോള്‍ കമ്പനിയുടെ വില്‍പനയില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ അളവ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 63,201 യൂണിറ്റുകളില്‍ നിന്ന് 13.35 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ 54,241 യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനിയുടെ ആഭ്യന്തര വിപണിയിലെ പ്രകടനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്. 49,700 യൂണിറ്റ് വിറ്റഴിച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.13 ശതമാനം വളര്‍ച്ചയാണ് നേടിയത്. സെപ്റ്റംബറില്‍, കമ്പനി 17,400 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ഇത് 28.87 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കമ്പനി 13,501 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.