വിദേശമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ധന. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കില്‍ ദേശീയ തലത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണിപ്പോള്‍. ഒന്നാമത് മഹാരാഷ്ട്രയാണ്. പ്രവാസി പണത്തെപ്പറ്റിയുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 202324ല്‍ ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തില്‍ കേരളത്തിന്റെ വിഹിതം 19.7 ശതമാനമായി ഉയര്‍ന്നു. 2020-21 ല്‍ 10.2 ശതമാനമായിരുന്നു. 2023-24ല്‍ ഇന്ത്യയിലേക്ക് ആകെയെത്തിയ പണം 9.88 ലക്ഷം കോടിയാണ്. പ്രവാസി പണം കൂടുതല്‍ ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍: തമിഴ്നാട്, 10.4 ശതമാനം, തെലങ്കാന, 8.1 ശതമാനം, കര്‍ണാടക 7.7 ശതമാനം എന്നിവയാണ്. പ്രവാസി പണത്തിന്റെ ഒഴുക്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ കുത്തക അവസാനിക്കുകയാണെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വികസിത രാജ്യങ്ങളിലേക്കുള്ള വര്‍ധിച്ച കുടിയേറ്റത്തിന്റെ ഫലം പണത്തിന്റെ വരവിലുമുണ്ട്. ഇതൊക്കെയാണെങ്കിലും പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് ഇപ്പോഴും ഉയര്‍ന്നുതന്നെയാണ്. 200 യു എസ് ഡോളര്‍ അയക്കാന്‍ 4.9 ശതമാനമാണ് ചെലവ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രകാരം ഇത് 3 ശതമാനമായി കുറക്കേണ്ടതുണ്ടെന്നും ആര്‍ബിഐ പറയുന്നു.