ലോകത്ത് ആദ്യമായി മൂന്ന് ട്രില്യണ്‍ ഡോളര്‍ മൂല്യം കടന്ന ടെക് കമ്പനിയാണ് ആപ്പിള്‍. 200 ലക്ഷം കോടിയിലേറെ രൂപ ആസ്തിയുള്ള അമേരിക്കന്‍ ടെക് ഭീമന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നത്. ആപ്പിളിന്റെ ഓഫ്‌ലൈന്‍ സ്റ്റോറുകളായ ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാര്‍ക്ക് മണിക്കൂറിന് ഏകദേശം 1,825 രൂപ മുതല്‍ 2,490 രൂപ വരെ ശമ്പളം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തങ്ങളുടെ റീട്ടെയില്‍ ജീവനക്കാരുടെ വാര്‍ഷിക ശമ്പള വര്‍ധനവില്‍ ഇപ്രാവശ്യം കമ്പനി കുറവ് വരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ശമ്പള വര്‍ധനവായിരുന്നു നല്‍കിയത്. ഇക്കുറി അതില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ആപ്പിള്‍ നടപ്പു വര്‍ഷത്തേക്ക് ഏകദേശം 4 ശതമാനം ‘ശരാശരി വാര്‍ഷിക വര്‍ധനവ്’ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 8 ശതമാനം മുതല്‍ 10 ശതമാനം വരെയുള്ള കഴിഞ്ഞ വര്‍ഷത്തെ ഗണ്യമായ വര്‍ധനവിന് വിപരീതമായി, 2023-ലെ വര്‍ദ്ധനവ് 2 ശതമാനം മുതല്‍ പരമാവധി 5 ശതമാനം വരെയാണ്. യു.എസിലെ ഇപ്പോഴത്തെ ശുഭകരമല്ലാത്ത സാമ്പത്തിക പ്രവണതകളുമൊക്കെയാണ് ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട ആപ്പിളിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരുടെ ശമ്പള കണക്കുകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍, യുഎസിലെ മിക്ക ആപ്പിള്‍ സെയില്‍സ് ഉദ്യോഗസ്ഥരും മണിക്കൂറില്‍ 22 ഡോളര്‍ (ഏകദേശം 1,825 രൂപ) മുതല്‍ 30 ഡോളര്‍ (ഏകദേശം 2,490 രൂപ) വരെ ശമ്പളം വാങ്ങുന്നുണ്ട്. ആപ്പിള്‍ കെയര്‍ ജീവനക്കാര്‍ക്ക് ശമ്പളം കുറച്ച് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, രണ്ട് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ആപ്പിള്‍ പ്രതിവര്‍ഷം നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകള്‍ നല്‍കുന്നുണ്ട്, ടെക് ഭീമന്‍ തിരഞ്ഞെടുത്ത തൊഴിലാളികള്‍ക്ക് ബോണസും അനുവദിച്ചിട്ടുണ്ട്.