ഹോണ്ട ഒടുവിലായി വിപണിയിലെത്തിച്ച ഇ സ്‌കൂട്ടറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ സാധിക്കുകയും ആവശ്യസമയത്ത് ഇലക്ട്രിക് സ്‌കൂട്ടറാക്കാന്‍ സാധിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ വാഹനത്തിന്റെ രൂപരേഖ. എണ്‍പതുകളില്‍ ചൈനയില്‍ പ്രചാരം നേടിയ മോട്ടോകോംപാക്ടോ എന്ന കുഞ്ഞന്‍ സ്‌കൂട്ടറിനെ അനുസ്മരിച്ചാണ് ഹോണ്ട ഇത്തരത്തിലൊരു വാഹനം രൂപപ്പെടുത്തിയത്. വിദേശ വിപണികളില്‍ ഏറെ പ്രായോഗികമായ വിധത്തിലുള്ള മോഡല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും എത്തുമോ എന്നുപോലും ഉറപ്പില്ല. പൂര്‍ണമായി വെള്ള നിറത്തില്‍ പ്രത്യക്ഷപ്പെട്ട വാഹനത്തിന്റെ ചിത്രം ഒരു യഥാര്‍ഥ സ്യൂട്ട്‌കെയ്‌സിനെ അന്വര്‍ഥമാക്കുന്ന വിധത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. മുന്‍വീലിലാണ് കരുത്ത്. പരമാവധി 24 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുള്ള വാഹനത്തിന് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 19 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 110 വാട്ട് ഔട്ട്പുട്ട് ഉപയോഗിച്ച് 3.5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 742 എംഎം ആണ് വാഹനത്തിന്റെ വീല്‍ബേസ്. തുറന്നു ഉപയോഗിക്കുന്ന സമയത്ത് 968 എംഎം നീളമാകും.