ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ എസ്യുവിയായ ഹോണ്ട എലിവേറ്റിനെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ പുതിയ എസ്യുവി മോഡല്‍ ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, സ്‌കോഡ കുഷാക്ക്, ഫോക്സ്വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റര്‍ എന്നിവയ്ക്ക് എതിരാളിയാവും. നിലവില്‍ ഹോണ്ടയ്ക്ക് രാജ്യത്ത് എസ്യുവി മോഡലുകളൊന്നുമില്ല. ആദ്യം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. ഹോണ്ട എലിവേറ്റ് ബുക്കിംഗ് 2023 ജൂലൈ മാസം മുതലാണ് ആരംഭിക്കുക. ഹോണ്ട സിറ്റി സെഡാനുമായി പങ്കിടുന്ന 1.5 ലിറ്റര്‍ DOHC i-VTEC പെട്രോള്‍ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 121 പിഎസ് പവറും 145.1 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലും വിപുലമായ സിവിടി ഓപ്ഷനിലും ഇത് ലഭ്യമാണ്. ഹോണ്ട സിറ്റിയില്‍ കണ്ടതിന് സമാനമായ ഹൈബ്രിഡ് വേരിയന്റിന്റെ സാധ്യതയും ഭാവിയില്‍ ഉണ്ടാകും. എലിവേറ്റിന് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എച്ച്ഡി കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍ ടെക്നോളജി എന്നിവ ലഭിക്കും. ജിയോ ഫെന്‍സിങ്, എമര്‍ജന്‍സി അസിസ്റ്റന്‍സ് തുടങ്ങിയ കണക്റ്റുചെയ്ത സവിശേഷതകള്‍ക്കായി ഇത് ഹോണ്ട കണക്റ്റിനൊപ്പം വരുന്നു.