ഇന്ത്യന്‍ സിനിമയില്‍ ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ‘കെജിഎഫ്’, ‘കെജിഎഫ് 2’, ‘കാന്താര ചാപ്റ്റര്‍ 2’, ‘കാന്താര ചാപ്റ്റര്‍ 1′,’സലാര്‍’ തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ‘കാട്ടാളന്‍’ കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി. റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയ്ക്ക് വലിയൊരു ആഗോള വിപണി ലക്ഷ്യം വെച്ചുകൊണ്ടാണ് ‘കാട്ടാളന്‍’ ഒരുങ്ങുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് മെയ് മാസമാണ്. ക്യൂബ്സ് എന്റര്‍ടൈന്‍മെന്റ്സും ഹോംബാലെ ഫിലിംസും കൈകോര്‍ക്കുന്നതിലൂടെ ചിത്രത്തിന് വമ്പന്‍ റിലീസായിരിക്കും കര്‍ണാടകയില്‍ ലഭിക്കാന്‍ പോകുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ അതികായരായ ഫാര്‍സ് ഫിലിംസാണ് ‘കാട്ടാളന്‍’ സിനിമയുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
