അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി യു.എസിലെ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ നേരിട്ടത് കനത്ത ഇടിവ്. 46,000 കോടി രൂപയുടെ ഇടിവാണ് അദാനി കമ്പനികളുടെ ഓഹരികള്‍ക്ക് സംഭവിച്ചത്. അംബുജ സിമന്റ്സ് ഓഹരി വില ഏഴ് ശതമാനം താഴ്ന്നു. എ.സി.സി (7.14%), അദാനി പോര്‍ട്ട്സ് (6.13%), അദാനി പവര്‍ (4.95%), അദാനി ട്രാന്‍സ്മിഷന്‍ (8.08%), അദാനി വില്‍മര്‍ (4.99%), അദാനി ഗ്രീന്‍ എനര്‍ജി (2.34%), അദാനി എന്റര്‍പ്രൈസ് (1.07%) എന്നിങ്ങനെയും താഴ്ന്നു. ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, റിപ്പോര്‍ട്ട് വസ്തുത വിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. ആരോപണങ്ങളെല്ലാം നുണയാണെന്നും അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗിന്റെ സമയത്ത് റിപ്പോര്‍ട്ട് വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.