വരുമാനത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഹീറോ മോട്ടോകോര്‍പിന്റെ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 40,756 കോടി രൂപയുടെ വരുമാനമാണ് ഹീറോ മോട്ടോകോര്‍പ് നേടിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി നല്‍കിയതിനു ശേഷമുള്ള ലാഭം 4,610 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ(ജനുവരി-മാര്‍ച്ച് 2025) കണക്കുകള്‍ക്കൊപ്പമാണ് ഈ വിവരങ്ങള്‍ ഹീറോ മോട്ടോ കോര്‍പ് പുറത്തുവിട്ടിരിക്കുന്നത്. അവസാന പാദത്തില്‍ 9,939 കോടി രൂപയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ(9,519 കോടി രൂപ) അപേക്ഷിച്ച് ഇത് നാലു ശതമാനം കൂടുതലാണ്. അവസാന പാദത്തിലെ ലാഭം 1,081 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 1,016 കോടി രൂപയെന്ന ലാഭത്തെ അപേക്ഷിച്ച് ആറു ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം(40,923 കോടി രൂപ) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം കൂടുതലാണ്. നികുതി നല്‍കിയ ശേഷമുള്ള വരുമാനമായ 4,376 കോടി രൂപ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലുമാണ്.