heavy rain 2

സംസ്ഥാനത്ത് നാലു നാള്‍ അതി തീവ്രമഴ. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി. ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കാരണം. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.  തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലയോര മേഖലകളില്‍ രാത്രിയാത്രാ നിയന്ത്രണം. തിരുവനന്തപുരം ജില്ലയിലെ വിനോദ കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കു വിലക്ക്.

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. റൊട്ടേഷന്‍ വ്യവസ്ഥയില്‍ സോണല്‍ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും. സോണല്‍ ഓഫീസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുന്‍പായി കൊടുത്തുതീര്‍ക്കാനും ധാരണയായി. തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തിരുവനന്തപുരം പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മരണം. മൂന്നു പേരെ കാണാനില്ല. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ചു പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലെത്തി. കൊച്ചിയില്‍നിന്ന് രണ്ടു നേവി ഹെലികോപ്ടറുകളും എത്തി.

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസിന്റെ മുന്നേറ്റം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ 81,326 വോട്ടാണ് ലിസ് ട്രസിന് ലഭിച്ചത്. ഇന്ത്യന്‍ വംശജനായ ഋഷി സുനകിനേക്കാള്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷം. ലിസ് ട്രസ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും. മാര്‍ഗരറ്റ് താച്ചറും തെരേസ മേയും ആണ് നേരത്തെ ബ്രിട്ടീഷ് വനിതാ പ്രധാനമന്ത്രിമരായത്. 2025 വരെയാണ് ലിസ് ട്രസിന്റെ ഭരണ കാലാവധി.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ മുതല്‍. കന്യാകുമാരിയില്‍നിന്ന് ആരംഭിക്കന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റര്‍ നടന്ന് 150 ാം ദിവസം ജമ്മു കാഷ്മീരില്‍ സമാപിക്കും. യാത്രയിലുള്ള 118 സ്ഥിരാംഗങ്ങളില്‍ എട്ടു പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുകുട്ടന്‍, കെഎസ് യു ജനറല്‍ സെക്രട്ടറി നബീന്‍ നൗഷാദ്, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ തുടങ്ങിയവരാണു കേരളത്തില്‍നിന്നുള്ള സ്ഥിരാംഗങ്ങള്‍.

വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റു മരിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണു പഠനം നടത്തുക. വിദഗ്ധ സമിതി രൂപീകരണം വൈകുന്നത് വിവാദമായിരുന്നു.

വിഴിഞ്ഞം മല്‍സ്യത്തൊഴിലാളി സമരത്തിനു നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ വിചാരിക്കുന്നത് എല്ലാം അവരുടെ ഒക്കത്താണെന്നാണ്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയവര്‍ക്ക് ഈ സ്ഥാനത്ത് ഇരുന്ന് താന്‍ മറുപടി പറയുന്നില്ല. കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 102 കുടുംബങ്ങള്‍ക്കു വീട്ടുവാടകയായി 5500 രൂപ വീതമാണ് നല്‍കുന്നത്. വാങ്ങാന്‍ അഞ്ചു പേര്‍ മാത്രമാണു വന്നത്.

വിഴിഞ്ഞം സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു സമര സമിതി ആവര്‍ത്തിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കു സഹായ വിതരണം ചെയ്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തില്‍ ലത്തീന്‍ അതിരൂപത പ്രതിഷേധം അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *