രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ കേസുകള്‍ കുത്തനെ വര്‍ധിക്കുന്നതായി പഠനം. ഇന്ത്യയിലെ 26 ശതമാനം കാന്‍സര്‍ രോഗികളും കഴുത്തിലോ തലയിലോ ട്യൂമര്‍ ഉള്ളവരാണെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന് നടത്തിയ പഠനത്തില്‍ പറയുന്നു. രാജ്യത്തെ 1869 കാന്‍സര്‍ രോഗികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറിന്റെ പ്രധാന വില്ലന്‍ പുകയില ഉപയോഗവും എച്ച്പിവി വൈറസുകളുടെ വ്യാപനവുമാണെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ പുതിയ കാന്‍സര്‍ കേസുകളുടെ എണ്ണം 2040 ആകുമ്പോഴേക്കും 21 ലക്ഷത്തിലെത്തുമെന്നാണ് ഗ്ലോബോകാന്‍ 2020-യുടെ പ്രവചനം. 2020തിലെ കണക്കിനെക്കാള്‍ 57.5 ശതമാനമാണ് വര്‍ധന. ചെവി, മൂക്ക്, വായ, ചുണ്ടുകള്‍, നാവ്, തൊണ്ട,കവിള്, ഉമിനീര് ഗ്രന്ധികള്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ എന്ന ഒറ്റ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ പുരുഷന്മാരില് ഏറ്റവും സാധാരണയായി കാണപ്പെടുന്ന വായയില്‍ അര്‍ബുദം ഉള്ള എണ്പതു മുതല്‍ തൊണ്ണൂറു ശതമാനം രോഗികളും ഏതെങ്കിലും തരത്തില്‍ പുകയില ഉപയോഗിക്കുന്നവരാണെന്നും പഠനത്തില്‍ പറയുന്നു. ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ മിക്കപ്പോഴും നമ്മള് ക്ഷണിച്ചു വരുത്തുന്നതാണ്. സിഗരറ്റ്, ബീഡി, വെറ്റില ഉള്‍പ്പടെയുള്ള പുകയില ഉല്പന്നങ്ങളുടെ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. കൂടാതെ സ്ഥിരമായ മദ്യപാനവും ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറിന് കാരണമാകാം. ഹെഡ്&നെക്ക് കാന്‍സറുകള്‍ ആദ്യഘട്ടത്തിലോ, രണ്ടാംഘട്ടത്തിലോ ആണ് കണ്ടെത്തുന്നതെങ്കില്‍ 80 ശതമാനം രോഗികളിലും ചികിത്സിച്ച് ഭേദമാക്കാം. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ 40 ശതമാനം അര്‍ബുദങ്ങളെയും പ്രതിരോധിക്കാമെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഹെഡ്&നെക്ക് കാന്‍സറുകള്‍ കുത്തനെ വര്‍ധിക്കുന്നു
