തലയ്‌ക്കേല്‍ക്കുന്ന പരിക്ക് പിന്നീട് മസ്തിഷ്‌ക അര്‍ബുദമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പുതിയ പഠനം. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തലയ്ക്ക് സാധാരണ മുതല്‍ ഗുരുതര പരിക്കുകളുള്ളവര്‍ക്ക് പരിക്കേല്‍ക്കാത്ത വ്യക്തികളെ അപേക്ഷിച്ച് മാരകമായ ബ്രെയിന്‍ ട്യൂമറുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വ്യക്തമാക്കുന്നു. ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ച്വറി ബാധിതരായ 75,000-ത്തിലധികം ആളുകളുടെ 2000നും 2024നും ഇടയിലുള്ളവരുടെ ആരോഗ്യ ഡാറ്റയാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. തലയ്ക്ക് പരിക്കേറ്റതിനു ശേഷം, വീക്കം സംഭവിക്കുന്നതും കോശ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതും ആസ്‌ട്രോസൈറ്റുകള്‍ പോലുള്ള ചില മസ്തിഷ്‌ക കോശങ്ങളെ കൂടുതല്‍ സ്റ്റെം സെല്‍ പോലുള്ള അവസ്ഥകളിലേക്ക് കൊണ്ട് പോകാന്‍ പ്രേരിപ്പിച്ചേക്കും. ജനിതക മ്യൂട്ടേഷനുകള്‍ ഇതിനകം നിലവിലുണ്ടെങ്കില്‍, കാലക്രമേണ ഈ കോശങ്ങള്‍ കാന്‍സര്‍ രൂപങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍, ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ച്വറിയും ട്യൂമര്‍-സപ്രസ്സര്‍ ജീന്‍ പി53 ഇല്ലാതാകുന്നതും സാധാരണ ബ്രെയിന്‍ സപ്പോര്‍ട്ട് സെല്ലുകളെ സ്റ്റെം സെല്‍ പോലുള്ള കോശങ്ങളാക്കി മാറ്റുകയും അവ പെരുകുകയും അര്‍ബുദമായി മാറുകയും ചെയ്യുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് ഗവേഷകര്‍ കണ്ടെത്തി. പഠനത്തില്‍ തലയ്ക്കുണ്ടാകുന്ന പരിക്കുകളും ബ്രെയിന്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, എല്ലാത്തരം ബ്രെയിന്‍ ട്യൂമറുകളും തലയ്ക്കുണ്ടാകുന്ന പരിക്കുകള്‍ മൂലമല്ലെന്നും ഗവേഷകര്‍ പറയുന്നു.