ബൈക്ക് പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഹാര്‍ലി ഡേവിഡ്സണ്‍, എച്ച്-ഡി എക്സ് 440 ജൂലൈ മൂന്നിന് ഔദ്യോഗികമായി പുറത്തിറങ്ങും. അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ ഹീറോ മോട്ടോകോര്‍പുമായി സഹകരിച്ചാണ് ഹാര്‍ലി ഡേവിഡ്സണ്‍ എക്സ്440 നിര്‍മിക്കുന്നത്. ഹാര്‍ലി ഡേവിഡ്സണിന്റെ എക്സ് 350, എക്സ് 500 മോഡലുകള്‍ക്ക് ഇരട്ട സിലിണ്ടറാണെങ്കില്‍ എക്സ് 440ക്ക് ഒറ്റ സിലിണ്ടര്‍ എന്‍ജിനായിരിക്കും. പ്രധാന എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യേക്കാള്‍ കരുത്തുള്ള എന്‍ജിനാണ് എക്സ് 440ല്‍ പ്രതീക്ഷിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350യും ബജാജ് ട്രയംഫ് 400 മാണ് ഹാര്‍ലി ഡേവിഡ്സണ്‍ എക്സ് 440യുടെ പ്രധാന എതിരാളികള്‍. ജൂലൈ മൂന്നിന് പുറത്തിറങ്ങുന്ന ഹാര്‍ലി ഡേവിഡ്സണ്‍ എക്സ് 440യുടെ വില 2.5 ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350(1.9 ലക്ഷം-2.2 ലക്ഷം രൂപ)നേക്കാള്‍ വില കൂടുതലാവും ഹാര്‍ലി ഡേവിഡ്സണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ജൂണ്‍ 27ന് പുറത്തിറങ്ങാനിരിക്കുന്ന ബജാജ് ട്രയംഫിനേക്കാള്‍ വില കുറവാകും എക്സ് 440 എന്നും കരുതാം.