തൃശൂര്‍: നാനോ എക്സല്‍ മണി ചെയിന്‍ തട്ടിപ്പുകേസില്‍ നാനോ എക്സല്‍ കമ്പനി മാനേജിംഗ് ഡയറക്ടറായ ഹൈദരാബാദ് സ്വദേശി ഹരീഷ് മദനേനി അടക്കം അഞ്ചു പ്രതികളെ മഞ്ചേരി ചീഫ് ജഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വെറുതെ വിട്ടു. 2011 ല്‍ പോലീസില്‍ പരാതി നല്കിയവര് കോടതിയില്‍ പരാതിയില്ലെന്നു മൊഴി നല്‍കിയതോടെയാണ് പ്രതികളെ വെറുതെ വിട്ടത്.
നിക്ഷേപം ഇരട്ടിയാക്കിത്തരാമെന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷനു കോടതിക്കു മുന്നില്‍ എത്തിക്കാനായില്ല. പ്രതികളെല്ലാം കുറ്റം നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതികളെ വെറുതെ വിടുകയാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എ.എം. പ്രസാദ് ഉത്തരവിട്ടു. മഞ്ചേരി സിജെഎം കോടതിയില്‍ നിലവിലിരുന്ന അഞ്ചു കേസുകളിലും പ്രതികളെ വെറുതെവിട്ടു.
ഹരീഷ് മദനേനിക്കു പുറമേ, കടലുണ്ടി സ്വദേശി ഹുസൈന് കോയ, അട്ടപ്പാടി സ്വദേശി ഷഹദ്, തച്ചമ്പാറ സ്വദേശി ജാഫര്‍ സാദിക്ക് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
ഇന്ത്യയിലെത്തന്നെ ആദ്യത്തെ മണി ചെയിന്‍ കേസാണ് നാനോ എക്സല്‍ കമ്പനിക്കെതിരേ ഉയര്‍ന്നത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഫയല്‍ ചെയ്യപ്പെട്ട കേസുകള്‍ പല കോടതികളിലായി തുടരുന്നുണ്ട്. നാനോ എക്സല്‍ കേസുകളില്‍ ആദ്യമായാണ് കോടതി വിധി പ്രസ്താവിക്കുന്നത്.